കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി നിർമ്മാണ ചുമതലയുണ്ടായിരുന്ന ഏജൻസികൾ. മേൽപ്പാലത്തിലെ ക്രമക്കേടിൽ ആഭ്യന്തര അന്വേഷണം വേണ്ടെന്നാണ് കിറ്റ്‍കോ മാനേജ്മെന്‍റിന്‍റെ തീരുമാനം. പാലം നിർമ്മാണത്തിന് ആർഡിഎസ് കമ്പനിക്ക് കരാർ കൊടുത്തതോടെ ചുമതല അവസാനിച്ചെന്നാണ് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷന്‍റെ നിലപാട്.

വി കെ ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയും എ പി എം മുഹമ്മദ് ഹനീഷ് വകുപ്പ് സെക്രട്ടറിയും റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷൻ എംഡിയുമായിരിക്കെ 2014ലാണ് ആർഡിഎസ് കമ്പനിക്ക് പാലത്തിന്‍റെ നിർമ്മാണ കരാർ നൽകുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ ഇത്തരം പദ്ധതികളിൽ പ്രാഥമിക ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷൻ നിലപാട്.

പാലത്തിന്‍റെ ഡിസൈൻ അംഗീകരിച്ച് നിർമ്മാണ മേൽനോട്ടം വഹിക്കേണ്ട ഉത്തരവാദിത്വം കിറ്റ്‍കോ ആണെന്ന് വ്യക്തമാക്കി വിവാദത്തിൽ നിന്ന് തലയൂരാനാണ് ശ്രമം. എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായെന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും സമ്മതിക്കുന്നു.

സംസ്ഥാന സർക്കാരിന് നാമം മാത്രമായി ഓഹരി പങ്കാളിത്തമുള്ള കിറ്റ്‍കോ ഇപ്പോൾ സ്വകാര്യവത്കരണത്തിന്‍റെ പാതയിലാണ്. കിറ്റ്‍കോയുടെ ഭൂരിപക്ഷ ഓഹരികൾ ചെറുകിട വ്യവസായ വികസന ബാങ്കിന്‍റെ കൈവശമായിരുന്നു. ഈ ഓഹരികൾ കൊൽക്കത്ത ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയിലാണ് മേൽപ്പാല വിവാദം ഉയർന്നത്. നിലവിൽ പരസ്യപ്രതികരണത്തിന് കിറ്റ്‍കോ തയ്യാറല്ല. പാലത്തിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിനാണ് മുൻഗണനയെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറുന്നില്ലെന്നും കിറ്റ്‍കോ ഉദ്യോഗസ്ഥർ പറയുന്നു.