പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
കോട്ടയം: പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയായിരിക്കും ഉണ്ടാവുക. അത് മാണി സി കാപ്പൻ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ല. പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർത്ഥി ആയിരിക്കും ഉണ്ടാവുക. അത് മാണി സി കാപ്പൻ ആയിരിക്കും. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് യോഗങ്ങളും ആരംഭിച്ചു. ജോസ് കെ മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കൾ ആരും പറഞ്ഞിട്ടില്ല. ജോസ് കെ മാണി രാഷ്ട്രിയ കോപ്രായം കാണിക്കുന്ന ആളാണ്. തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥാനങ്ങളും പാതി വഴിയിൽ രാജി വെക്കും. പാലായിൽ ജോസ് കെ മാണി മത്സരിക്കും എന്ന് തോന്നുന്നില്ലെന്നും കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ കെഡിപി കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ മത്സരിക്കുന്നത് പാലായിലും എലത്തൂരിലുമാണ്. സീറ്റുകളുടെ കാര്യത്തിൽ ഉടൻ ധാരണ ഉണ്ടാകും. എലത്തൂർ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു സീറ്റ് കിട്ടിയാൽ എലത്തൂർ ലീഗിന് കൊടുക്കുമെന്നും യുഡിഎഫ് ഭരണത്തിൽ വന്നാൽ കെഡിപിക്ക് മന്ത്രി സ്ഥാനം ഉണ്ടാകുമെന്നും മാണി സി കാപ്പൻ പറഞ്ഞു.



