ജനുവരി പതിനെട്ടിന് പയ്യന്നൂരിൽ ആരംഭിച്ച സാമൂഹിക പ്രത്യാഘാത പഠനം ഇപ്പോൾ ചിറക്കൽ വില്ലേജിൽ തുടരുകയാണ്. 

കണ്ണൂര്‍: കെ റെയിൽ (K Rail) സാമൂഹിക പ്രത്യാഘാത പഠനം നിർത്തി വയ്ക്കില്ലെന്ന് ഏജൻസി. പഠനം നടക്കുന്ന കാര്യം കേന്ദ്ര സർക്കാരിന് അറിയാമെന്നും ജനാഭിപ്രായം മാനിച്ച് ഡിപിആറിൽ തന്നെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതാണെന്നും കേരള വളണ്ടറി ഹെൽത്ത് സർവ്വീസസ് മാനേജിംഗ് ഡയറക്ടർ സാജു വി ഇട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനുവരി പതിനെട്ടിന് പയ്യന്നൂരിൽ ആരംഭിച്ച സാമൂഹിക പ്രത്യാഘാത പഠനം ഇപ്പോൾ ചിറക്കൽ വില്ലേജിൽ തുടരുകയാണ്. സിൽവർ ലൈനിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന കേന്ദ്രത്തിന്‍റെ നിലപാട് പഠനത്തെ ബാധിക്കില്ലെന്നാണ് ഏജൻസിയുടെ നിലപാട്. 

സാമൂഹിക പ്രത്യാഘാത പഠനം തുടരുന്ന കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും പഠനം തുടരുമെന്നും ഏജൻസി വ്യക്തമാക്കുന്നു. പദ്ധതി പ്രഖ്യാപിച്ച ശേഷം തിരക്കഥപോലെ തയ്യാറാക്കുന്ന പഠനമാണിതെന്ന ആരോപണം ഏജൻസി തള്ളുന്നു. കണ്ണൂരിൽ കല്ലിടൽ പൂർത്തിയായ 11 വില്ലേജുകളിൽ ഈമാസം പത്തിനകം പഠനം പൂ‍ർത്തിയാക്കുമെന്നും ഏജൻസി വ്യക്തമാക്കുന്നു.