Asianet News MalayalamAsianet News Malayalam

ലൈഫ് മിഷനിൽ അട്ടിമറി; കരാര്‍ ഒപ്പുവെച്ചത് യുഎഇ കോൺസുൽ ജനറലും യൂണിടാക്കും തമ്മിൽ

മറ്റൊരു രാജ്യത്തിന്‍റെ ഭാഗമായ കോൺസുലേറ്റ് നേരിട്ടാണ് ഒരു കരാറുകാരന് കരാര്‍ നൽകിയിരിക്കുന്നതെന്നാണ് വിവരം. 

agreement was signed between the UAE Consul General and unitac life mission project
Author
Thiruvananthapuram, First Published Aug 23, 2020, 11:55 AM IST

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കരാറിൽ അട്ടിമറിയും ഗുരുതര ചട്ടലംഘനവും. നിർമാണ കരാർ ഒപ്പിട്ടത് യുഎഇ കോൺസുലേറ്റും യൂണിടാക്കും തമ്മിലെന്ന് തെളിയിക്കുന്ന കരാർ രേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. ധാരണപത്രത്തിൽ ഒപ്പിട്ട സംസ്ഥാന സർക്കാരോ, സർക്കാർ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമാണ കരാറിൽ കക്ഷിയല്ല.

ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറിൽ 140 ഫ്ലാറ്റുക‌ൾ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ധാരണയിലെത്തിയത് ജുലൈ 11നായിരുന്നു. യുഎഇയിലെ റെഡ് ക്രസെന്റ് എന്ന സ്ഥാപനവുമായാണ് സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയിൽ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങൾ ഉള്ളത് കൊണ്ട് റെഡ് ക്രസന്റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു  സർക്കാർ വിശദീകരണം. 

റെഡ് ക്രസൻറുമായുള്ള ധാരണാപത്രത്തിന് പോലും കേന്ദ്ര അനുമതി തേടാതിരിക്കെയാണ് നിർമ്മാണം കോൺസുൽ ജനറൽ നേരിട്ട് ഒപ്പിട്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. റെഡ് ക്രസന്റാകും പദ്ധതി ചെലവ് വഹിക്കുക എന്ന പരമാർശം മാത്രമാണ് കരാറിലുള്ളത്. 

ധാരണാപത്രത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് നിർമ്മാണകരാർ. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിർമ്മാണ കരാറുകാരനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന സർക്കാർ കൂടി ചേർന്നാണ്. ഈ വ്യവസ്ഥ നടപ്പാക്കാൻ സർക്കാർ ഒന്നും ചെയ്തില്ല. പക്ഷെ ധാരണാപത്രവും ചട്ടവും അട്ടിമറിച്ച കരാറിലൂടെ തെരഞ്ഞെടുത്ത യൂണിടെക്കിന് പച്ചക്കൊടി കാണിക്കുകയാണ് സർക്കാർ ചെയ്തത്. ഈ കരാറിനും ശേഷം ഓഗസ്റ്റിൽ യൂണിടാകിൻറെ പദ്ധതി രേഖ മികച്ചതാണെന്നും അതുമായി മുന്നോട്ട് പോകാമെന്നും കാണിച്ച് ലൈഫ് മിഷൻ സിഇഒ റെഡ് ക്രസൻറിന് അയച്ച കത്താണ് ഇതിൻറെ പ്രധാന ഉദാഹരണം. 

സർക്കാർ പദ്ധതിയിലെങ്ങനെ സർ‍ക്കാരിനെ ഒഴിവാക്കി കോൺനിർമ്മാണ കരാർ ഒപ്പിടാനാകും എന്നതാണ് പ്രധാന ചോദ്യം. സർക്കാർ ധാരണയിലെത്തിയ സന്നദ്ധ സംഘടന റെഡ് ക്രെസന്റിന് പകരം യുഎഇയുടെ നയതന്ത്ര പ്രതിനിധിക്ക്  എങ്ങനെ നേരിട്ട് കേരളത്തിലെ ഒരു കമ്പനിക്ക് കരാർ നൽകാനാകും. കരാർ ലംഘനം വ്യക്തമായതോടെയാണ് ലൈഫ് മിഷൻ പദ്ധയിലെ യുഎഇ സഹായത്തിന് കേന്ദ്ര അനുമതി ലഭിച്ചുണ്ടോ എന്നത് ഉൾപ്പടെയുള്ള രേഖകൾ കൈമാറാൻ ഇഡി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. റെഡ് ക്രസന്റിന് പകരം  യുഎഇ കോൺസുലേറ്റ് എങ്ങനെ കരാറിലേർപ്പെട്ടു എന്ന ഗുരുതര ചട്ടലംഘനം ഇനി സംസ്ഥാന സർക്കാർ വിശദീകരിക്കേണ്ടി വരും
 

 

Follow Us:
Download App:
  • android
  • ios