Asianet News MalayalamAsianet News Malayalam

എഐ ക്യാമറ, കേരളത്തിൽ സംഭവിച്ചത്! യഥാർത്ഥ കണക്ക് അറിയുമോ? നിയമലംഘനം കൂടുതൽ കാറിലെ മുൻസീറ്റിൽ, വിവരിച്ച് മന്ത്രി

കാറിലെ മുൻസിറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ. 7,896 നിയമലംഘനങ്ങളാണ് ഇത്തരത്തിലുള്ളത്. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത് 4,993 ഉം ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവർ 6,153 ഉം ആണ്

AI Camera kerala traffic violation full details list here asd
Author
First Published Jun 9, 2023, 10:06 PM IST

തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളിൽ സംഭവിച്ച മാറ്റം വിവരിച്ച് മന്ത്രി ആന്‍റണി രാജു രംഗത്ത്. റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് മന്ത്രി കണക്കുകൾ വിവരിച്ച് വ്യക്തമാക്കി. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് ദിവസേന ഉണ്ടായിരുന്നതെന്നും ക്യാമറ സ്ഥാപിച്ചതിനു ശേഷം 5 മുതൽ 8 വരെ മരണങ്ങളായി കുറഞ്ഞെന്നും അദ്ദേഹം വിവരിച്ചു. ക്യാമറകളുടെ പ്രവർത്തനത്തെക്കുറിച്ച് ഉന്നതതല യോഗം അവലോകനം ചെയ്ത കാര്യങ്ങളാണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചത്. കാറിലെ മുൻസിറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങളെന്ന് മന്ത്രി പറഞ്ഞു. 7,896 നിയമലംഘനങ്ങളാണ് ഇത്തരത്തിലുള്ളത്. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത് 4,993 ഉം ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവർ 6,153 ഉം ആണ്. ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 715 ഉം ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡ് 6 എന്നും മൊബൈൽ ഫോൺ ഉപയോഗം 25 ആണെന്നും അമിതവേഗത 2 ആണെന്നും മന്ത്രി വിവരിച്ചു.

ഒറ്റയടിക്ക് കുറ‌ഞ്ഞത് നാല് ലക്ഷത്തിലേറെ നിയമലംഘനം, കൊല്ലം മുന്നിൽ, തിരുവനന്തപുരം പിന്നാലെ, കണക്കുമായി മന്ത്രി

ഗതാഗത മന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ

എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. എന്നാൽ ക്യാമറ സ്ഥാപിച്ചതിനു ശേഷം 5 മുതൽ 8 വരെ മരണങ്ങളായി കുറഞ്ഞു. ക്യാമറകളുടെ പ്രവർത്തനം ഇന്ന് ചേർന്ന ഉന്നതതല യോഗം അവലോകനം ചെയ്തു. ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5  രാവിലെ 8 മണി മുതൽ ജൂൺ 8 രാത്രി 12 മണി വരെ 3,52,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 80,743 എണ്ണം കെല്‍ട്രോണ്‍ വെരിഫൈ ചെയ്യുകയും 19,790 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 10,457 ചെല്ലാനുകൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച് അയക്കുകയും ചെയ്തു.

ഹെവി വാഹനങ്ങള്‍ക്ക് നിയമപ്രകാരം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെങ്കിലും ഇപ്പോള്‍ അത്തരം നിയമലംഘനങ്ങള്‍ കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് വെരിഫൈ ചെയ്യുമ്പോൾ നിയമലംഘനങ്ങളിൽ എണ്ണം കുറയുന്നത്. എന്നാൽ സെപ്റ്റംബർ 1 മുതൽ കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാര്‍ക്കും ഡ്രൈവറുടെ അതേ നിരയില്‍ ഇടതുവശത്തെ സീറ്റിലിരിക്കുന്നയാള്‍ക്കും സീറ്റ് ബെൽറ്റ് ധരിക്കണമെന്നത് നിർബന്ധമാക്കും.

കാറിലെ മുൻസിറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 7,896. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത് 4,993, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവർ 6,153, ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 715, ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡ് 6, മൊബൈൽ ഫോൺ ഉപയോഗം 25, അമിതവേഗത 2 എന്നിവയാണ് ഈ ദിവസങ്ങളിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ. 56 സർക്കാർ വാഹനങ്ങളും വിഐപി വാഹനങ്ങളും ഇക്കാലയളവിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഇവയില്‍ 10 എണ്ണത്തിന് ചെല്ലാന്‍ അയച്ചു, ബാക്കി എല്ലാവർക്കും ഉടന്‍ ചെല്ലാൻ അയക്കും. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് പൊതു ജനങ്ങൾ സഹകരിക്കുന്നുണ്ട്, ഇക്കാര്യത്തിൽ വാഹനം ഓടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ക്യാമറ പകര്‍ത്തിയ നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കുവാൻ കെൽട്രോണിനോടും ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ മൾട്ടിപ്പിൾ ലോഗിൻ സൗകര്യം ഒരുക്കി സംവിധാനം വേഗത്തിലാക്കാൻ നാഷണൽ ഇൻഫർമാറ്റിക് സെന്ററിനോടും നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ സംവിധാനം ആയതുകൊണ്ട് ഉണ്ടാകാവുന്ന തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങി. കൃത്യമായ ഇടവേളകളിൽ റിവ്യൂ നടത്തി തടസ്സങ്ങൾ പരിഹരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തും. ഉന്നതതല യോഗത്തില്‍ അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, കെല്‍ട്രോണ്‍ സി.എം.ഡി. നാരായണ മൂര്‍ത്തി, എന്‍.ഐ.സി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബീര്‍ എഡ്വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios