ഡിസിസി പുനസംഘടനയിലുണ്ടായ മുറിവുകള്‍ കെപിസിസി പുനസംഘടനയോടെ ഉണങ്ങുമെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുമ്പോള്‍ പ്രവര്‍ത്തന മികവ് തന്നെ മാനദണ്ഡമെന്ന് എഐസിസി അടിവരയിടുന്നു.
ദില്ലി: കെപിസിസി പുനസംഘടന ഉടന്‍ പൂര്‍ത്തിയാകുമെന്ന സൂചനകള്‍ക്കിടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തന മികവ് തന്ന മാനദണ്ഡമാക്കണമെന്ന് എഐസിസി. ഗ്രൂപ്പ് നേതാക്കളെ കൂടി വിശ്വാസത്തിലെടുത്ത് മുന്‍പോട്ട് പോകണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ ഗ്രൂപ്പല്ല മാനദണ്ഡമെന്നും നേതൃത്വം വ്യക്തമാക്കുന്നു. എഐസിസി പുനസംഘടനക്ക് മുന്നോടിയായി ഗ്രൂപ്പ് 23 നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവും നേതൃത്വം തുടങ്ങി.
ഡിസിസി പുനസംഘടനയിലുണ്ടായ മുറിവുകള്‍ കെപിസിസി പുനസംഘടനയോടെ ഉണങ്ങുമെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുമ്പോള്‍ പ്രവര്‍ത്തന മികവ് തന്നെ മാനദണ്ഡമെന്ന് എഐസിസി അടിവരയിടുന്നു. ഗ്രൂപ്പ് നേതാക്കള്‍ നല്‍കുന്ന പട്ടിക അപ്പാടേ പരിഗണിക്കേണ്ടതില്ല. നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന സന്ദേശം തന്നെയാണ് നേതൃത്വം നല്‍കുന്നത്. എന്നാല്‍ ചര്‍ച്ചകളില്‍ അവരെ പങ്കെടുപ്പിക്കണം. ഡിസിസി പുനസംഘടന ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചില്ലെന്ന ആക്ഷേപം മറികടക്കാന്‍ ചര്‍ച്ചയുടെ തീയതികള്‍ പരസ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രവര്‍ത്തന മികവ് തെളിയിച്ചവരെ പ്രായത്തിന്‍റെയോ മുന്‍കാല പരിചയത്തിന്‍റേയോ പേരില്‍ മാറ്റി നിര്‍ത്തേണ്ടതില്ല. യുവത്വത്തിനും പ്രാതിനിധ്യം ഉറപ്പിക്കണം. ഡിസിസി പുനസംഘടനയുടെ വലിയ പോരായ്മയായി ഉയര്‍ത്തികാട്ടിയിരുന്ന ദളിത്, വനിത പ്രാതിനിധ്യം കെപിസിസി പുനസംഘടനയിലുണ്ടാകണമെന്നും എഐസിസി നിര്‍ദ്ദേശിക്കുന്നു.
അതേ സമയം എഐസിസി പുനസംഘടന ചര്‍ച്ചകളുടെ ഭാഗമായി ഗ്രൂപ്പ് 23 നേതാക്കളെ കൂടി വിശ്വാസത്തിലെടുത്ത് മുന്‍പോട്ട് പോകാനാണ് തീരുമാനം. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഒരു വട്ടം ചര്‍ച്ച നടത്തി. പാര്‍ട്ടി അധ്യക്ഷന്‍, സംഘടന ജനറല്‍സെക്രട്ടറി തുടങ്ങിയ പദവികളിലെ തീരുമാനം ജി23 നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാകാമെന്ന ഉറപ്പ് നേതൃത്വം കൈമാറിയെന്നാണ് വിവരം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
