അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അഗ്നി പരീക്ഷയാണ്. സഖ്യ നീക്കങ്ങളെ കുറിച്ചും തന്ത്രങ്ങളെ കുറിച്ചും സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു.

ദില്ലി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യ ചര്‍ച്ചകള്‍ തുടങ്ങാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് (Congress) നിര്‍ദ്ദേശം. പഞ്ചാബിലും ഉത്തരാഖണ്ഡിലും സഖ്യ നീക്കം ഉണ്ടായേക്കില്ല. വ്യക്തി താല്‍പര്യങ്ങള്‍ മാറ്റി വച്ച് പാര്‍ട്ടിയെ ഐക്യത്തോടെ മുന്‍പോട്ട് കൊണ്ടു പോകണമെന്ന് ദില്ലിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ (AICC General Secretary) യോഗത്തില്‍ സോണിയ ഗാന്ധി (sonia gandhi) ആവശ്യപ്പെട്ടു. 

അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അഗ്നി പരീക്ഷയാണ്. സഖ്യ നീക്കങ്ങളെ കുറിച്ചും തന്ത്രങ്ങളെ കുറിച്ചും സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. ചെറുകക്ഷികളെ ഒപ്പം ചേര്‍ത്ത് ഉത്തര്‍പ്രദേശില്‍ മുന്‍പോട്ട് പോകാമെന്നാണ് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയത്. സമാജ് വാദി പാര‍്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തല്‍ക്കാലം ചര്‍ച്ചകള്‍ ഉണ്ടാകില്ല. 

പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് ഉയര്‍ത്തുന്ന വെല്ലുവിളിയെ എങ്ങനെ നേരിടാമെന്നതും സജീവ ചര്‍ച്ചയായി. വോട്ട് ബാങ്കായ അകാലിദള്‍ എന്‍ഡിഎ വിട്ടെങ്കിലും കോണ്‍ഗ്രസിനോട് അടുത്തിട്ടില്ല വിശദമായ പദ്ധതി തയ്യാറാക്കാന്‍ പിസിസി അധ്യക്ഷന്‍ സിദ്ദുവിനും, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ഹരീഷ് ചൗധരിക്കും നേതൃത്വം നിര്‍ദ്ദേശം നല്‍കി. സഖ്യമില്ലാതെ തന്നെ തിരിച്ചു വരാനാകുമെന്ന പ്രതീക്ഷയാണ് ഉത്തരാഖണ്ഡ് ഘടകം മുന്‍പോട്ട് വച്ചത്.

രാഹുല്‍ഗാന്ധി എഐസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് യോഗത്തില്‍ പിസിസി അധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടു. അതേ സമയം വീണ്ടും അച്ചടക്കം ഓര്‍മ്മപ്പെടുത്തിയായിരുന്നു സോണിയാ ഗാന്ധിയുടെ ആമുഖ പ്രസംഗം. പാർട്ടിയുടെ നയങ്ങളെ പൊതുവേദികളില്‍ വിമര്‍ശിക്കരുതെന്നാവര്‍ത്തിച്ച സോണിയ സംസ്ഥാന ഘടകങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടണമെന്നും നിര്‍ദ്ദേശിച്ചു.