Asianet News MalayalamAsianet News Malayalam

നമ്മൾ എന്തുകൊണ്ട് തോറ്റു? വിലയിരുത്താൻ താരിഖ് അൻവർ ഇന്നെത്തും, കൂട്ടയടിയാവുമോ?

തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്നാണ് സംസ്ഥാനകോൺഗ്രസിലെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പടെ വ്യാപകപരാതി ഹൈക്കമാൻഡിൽ എത്തിയിരുന്നു.

aicc general secretary tariq anwar in kerala today
Author
Thiruvananthapuram, First Published Dec 26, 2020, 8:19 AM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കേരളത്തിന്‍റെ ചുമതലയുള്ള ജനറൽസെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. പാർട്ടി പുനസംഘടന ഉൾപ്പടെ ചർച്ച ചെയ്യും. നേതാക്കളെ നാളെയും മറ്റന്നാളുമായി താരീഖ് അൻവർ ഒറ്റക്കൊക്കാവും കാണുക.

തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്നാണ് സംസ്ഥാനകോൺഗ്രസിലെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പടെ വ്യാപകപരാതി ഹൈക്കമാൻഡിൽ എത്തിയിരുന്നു. മൂന്ന് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ സംസ്ഥാനതലത്തിൽ വലിയ പൊളിച്ചെഴുത്ത് പ്രയാസമാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ തുടർന്നേക്കും

എന്നാൽ താരിഖ് അൻവരുമായുള്ള കൂടിക്കാഴ്ചയിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ മുല്ലപ്പള്ളിക്കെതിരെ നേതാക്കൾ നിലപാട് എടുക്കുമോ എന്നതാണ് പ്രധാനമായി എല്ലാവരും ഉറ്റുനോക്കുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളിക്കെതിരെ ഇതിനകം പല മുതിർന്ന നേതാക്കളും പരസ്യനിലപാട് എടുത്തിട്ടുണ്ട്.

തോൽവിക്ക് കൂട്ടുത്തരവാദിത്വമാണെന്ന നിലപാടിലാണ് മുല്ലപ്പള്ളി. ലോക്സഭയിൽ നേടിയ സമ്പൂർണ്ണവിജയത്തിന്‍റെ നേട്ടം ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതിരോധം. യുഡിഎഫ് കൺവീനർ എം എം ഹസ്സനെതിരെയും വിമർശനമുർന്നിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ രാഷ്ട്രീയകാര്യസമിതിയിൽ വിമർശനമുന്നയിച്ചവർ താരിഖ് അൻവറിനോടും ഈ വിമർനമുന്നയിക്കുമോ എന്നതും പ്രധാനമാണ്. 

ഡിസിസി പ്രസിഡന്‍റുമാർക്കെതിരെയും ഇതിനകം പ്രതിഷേധമുയർന്നിട്ടുണ്ട്. പല ജില്ലാ അധ്യക്ഷൻമാരേയും മാറ്റണമെന്ന ആവശ്യം ഹൈക്കമാൻഡ് പരിഗണിക്കും. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും എംഎൽഎമാരും എംപിമാരുമായി ഒറ്റക്കൊറ്റക്കാണ് താരിഖ് അൻവർ ചർച്ച നടത്തുക. അതിന് ശേഷമാകും മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക. എഐസിസിയുടെ മൂന്ന് സെക്രട്ടറിമാർ നിയമസഭാ തെരഞ്ഞെടുപ്പ് വരെ കേരളത്തിൽ തങ്ങി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനമെടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios