Asianet News MalayalamAsianet News Malayalam

എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി, മുഖ്യമന്ത്രി വിമാനത്താവളത്തില്‍, നേതാക്കള്‍ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങും

തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടയായിരിക്കും തലശ്ശേരിയിലേക്കുള്ള വിലാപയാത്ര. നൂറോളം വാഹനങ്ങളും വിലാപയാത്രയെ അനുഗമിക്കും.

air ambulance reached the Kannur airport with the dead body of Kodiyeri Balakrishnan
Author
First Published Oct 2, 2022, 1:09 PM IST

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം 15 മിനിറ്റിനുള്ളില്‍ പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തി. നൂറോളം റെഡ് വോളണ്ടിയര്‍മാരാണ് വിമാനത്താവളത്തിലുള്ളത്. മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങുന്നതിന് പിന്നാലെ തലശ്ശേരിയിലേക്കുള്ള വിലാപയാത്ര ആരംഭിക്കും. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടയായിരിക്കും വിലാപയാത്ര. നൂറോളം വാഹനങ്ങളും വിലാപയാത്രയെ അനുഗമിക്കും. ഗതാഗതം തടസം ഉണ്ടാകാത്ത വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി നേതാക്കള്‍ അറിയിച്ചു. വിലാപയാത്ര 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ നിര്‍ത്തും. ഇന്ന് മുഴുവനും തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

ഇന്നലെ രാത്രി എട്ടുമണിക്കാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു സി പി എം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി. മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സി പി എമ്മിനെ കോടിയേരി നയിച്ചത്. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എം എല്‍ എയായി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സി പി എം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ. കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സി പി എം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി ആയിരുന്നു. കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും  ബാലകൃഷ്ണൻ വിജയന്‍റെ തുടർച്ചയായി. 
 

Follow Us:
Download App:
  • android
  • ios