വിമാനത്തിന് സാങ്കേതിക തകരാർ കാരണമാണ് തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതർ വിശദീകരിക്കുന്നു.

മലപ്പുറം: കരിപ്പൂരിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. IX 375 നമ്പർ വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കിയത്. വിമാനത്തിന് സാങ്കേതിക തകരാർ കാരണമാണ് തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതർ വിശദീകരിക്കുന്നത്. വിമാനത്തിന്‍റെ എ സി തകരാറായതാണ് എന്നാണ് വിശദീകരണം.

ഇന്നലെ ദില്ലി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചിരുന്നു. ഹോങ്കോങ് - ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു തീപിടുത്തം ഉണ്ടായത്. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ തീപിടുത്തം ഉണ്ടായെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.