കോഴിക്കോട്: പൈലറ്റുമാർക്ക് ലാൻഡിംഗും ടേക്ക് ഓഫും ഏറ്റവും വെല്ലുവിളിയായി വിലയിരുത്തപ്പെടുന്ന വിമാനത്താവളങ്ങളിലാണ് കരിപ്പൂർ വിമാനത്താവളത്തെ കണക്കാക്കുന്നത്. ഉയരമുള്ള മലമുകളിലാണ് കരിപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിൻ്റെ രണ്ട് വശത്തും താഴ്ചയാണ്. 

കരിപ്പൂരിന് സമാനമായ ടേബിൾ ടോപ്പ് മാതൃകയിലാണ് മംഗാലപുരം വിമാനത്താവളവും സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ മംഗലാപുരം വിമാനത്താവളത്തിൽ കുറച്ചു വർഷങ്ങൾ മുൻപുണ്ടായ ദുരന്തവുമായാണ് കരിപ്പൂർ വിമാനാപകടത്തെ വിദഗ്ദ്ധർ താരത്മ്യം ചെയ്യുന്നത്. കഴിഞ്ഞ  24 മണിക്കൂറിലേറെയായി കനത്ത മഴയാണ് മലപ്പുറം ജില്ലയുടെ മലയോരമേഖലകളിൽ ലഭിക്കുന്നത്. അതിനാൽ തന്നെ കരിപ്പൂരിലും നല്ല മഴ പോയ മണിക്കൂറുകളിൽ ലഭിച്ചിരുന്നു. വൈകുന്നേരത്തോടെ ഇവിടെ ശക്തമായ മൂടൽമഞ്ഞും രൂപപ്പെട്ടു. 

വൈകുന്നേരം ഏഴരയോടെയാണ് ദുബായിൽ നിന്നും 134 യാത്രക്കാരും ഏഴ് വിമാനജീവനക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെവിമാനം കരിപ്പൂരിലേക്ക് എത്തിയത്. കനത്ത മഴയും മൂടൽ മഞ്ഞും കാരണം റൺവേ കൃത്യമായി തിരിച്ചറിയാൻ സാധിക്കാതെ വന്ന പൈലറ്റ് റൺവേയുടെ മധ്യഭാ​ഗത്തായി വിമാനം ലാൻഡ് ചെയ്യുകയും റൺവേയും കടന്ന് നീങ്ങിയ വിമാനം മതിലിലിടിച്ച് തെന്നി മാറുകയും ചെയ്തുവെന്നാണ് പ്രാഥമിക വിവരം. 

വിമാനത്തിൻ്റെ കോക്ക്പിറ്റ് മുതൽ പ്രധാനവാതിൽ വരെയുള്ള ഭാ​ഗം നെടുകെ പിള‍ർന്നു. കോക്ക് പിറ്റിൽ നിന്നും ഓടിക്കൂടിയ നാട്ടുകാ‍രാണ് പൈലറ്റിൻെ പുറത്ത് എടുത്തത്. ഇദ്ദേഹം മരണപ്പെടുവെന്നാണ് വിവരം. യാത്രക്കാരിൽ പലരുടേയും നില അതീവ​ഗുരുതരമാണ്. യാത്രക്കാരിൽ പലരേയും നാട്ടുകാ‍ർ തന്നെ സ്വന്തം വാഹനങ്ങളിൽ ആശുപത്രികളിലേക്ക് എത്തിച്ചു എന്നാണ് വിവരം. 

ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ, ക്യാപ്റ്റൻ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത് എന്നാണ് വിവരം. പൈലറ്റ് ദീപക് സാഥെ മരിച്ചതായാണ് പ്രാഥമികവിവരം. സഹപൈലറ്റ് അഖിലേഷിന് സാരമായ പരിക്കേറ്റുവെന്നും വിവരമുണ്ട്.