ഹരിപ്പാട്: എ.ഐ.എസ്.എഫ് ഹരിപ്പാട് മണ്ഡലം സെക്രട്ടറി കരുവാറ്റാ വടക്ക് കളത്തൂര്‍ കെ.ആര്‍ അദ്വൈത് (19) അമ്മ ജയശ്രീ (48) എന്നിവരെ ക്വട്ടേഷന്‍ സംഘം വീടുകയറി ആക്രമിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. മാരകായുധങ്ങള്‍ കാട്ടി അമ്മയെയും മകനെയും സംഘം ഭീഷണിപ്പെടുത്തി.

വീട്ടുപറമ്പില്‍ നിന്ന മരങ്ങള്‍ അത്യാധുനിക ഉപകരണങ്ങള്‍ കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ക്വട്ടേഷൻ മുറിച്ചു തള്ളി. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസിയുടെ ബന്ധുക്കള്‍ അടുത്തിടെ ഇവരെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് കരുതുന്നതായി അദ്വൈതിന്റെ അച്ഛന്‍ രവികുമാര്‍ പൊലീസിനെ അറിയിച്ചു. 

കപ്പല്‍ ജീവനക്കാരനായ അയല്‍വാസിയുടെ ബന്ധു ക്വട്ടേഷന്‍ ഏര്‍പ്പാടാക്കി ഒരാഴ്ചക്കു മുന്‍പേ രാജ്യം വിട്ടതായാണ് അറിവ്. പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യയാണ് അണിയറയില്‍ ചുക്കാന്‍ പിടിച്ചതെന്നാണ് ആരോപണം. അക്രമത്തിനിരയായവരുടെ പറമ്പില്‍ നിന്ന മരങ്ങള്‍ അക്രമികള്‍ തലങ്ങും വിലങ്ങും  വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമ്മതിക്കാതിരുന്ന ക്രിമനല്‍ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അയല്‍വാസികളെ അകറ്റി. അദ്വൈത് പന്തളം എന്‍എസ്എസ് കോളെജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.