മുംബൈ: കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടേയും പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചനാണ് പുറത്തു വിട്ടത്. 

എല്ലാവരുടേയും പ്രാർത്ഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി.... കൊവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടർന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി വീട്ടിലേക്ക് മടങ്ങി. ഞാനും അച്ഛനും തുടർന്നും ആശുപത്രിയിൽ മെഡിക്കൽ സംഘത്തിൻ്റെ പരിചരണത്തിൽ തുടരും - ശുഭവാർത്ത പങ്കുവച്ചു കൊണ്ട് അഭിഷേക് ട്വിറ്ററിൽ കുറിച്ചു. 

മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ എന്നിവർ കൊവിഡ് രോഗത്തിന് ചികിത്സ തേടി അഡ്മിറ്റായത്. അമിതാഭ് ബച്ചനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അമിതാഭ് ബച്ചൻ്റെ ഭാര്യ ജയ ബച്ചൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.