കോഴിക്കോട്: നിപ്പയെ പ്രതിരോധിച്ച അജന്യയും മുല്ലപ്പള്ളിക്കെതിരെ രംഗത്ത്. എംപിയായിരുന്നിട്ട് പോലും മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് അജന്യ. രോഗം ഭേദമായിട്ടും ആളുകൾ തന്നെ പേടിയോടെയാണ് നോക്കിയിരുന്നതെന്നും, ശൈലജ ടീച്ചർ കാണാൻ വന്നത് വലിയ കരുത്തായെന്നും അജന്യ പറയുന്നു. 

കോഴിക്കോട് നിപാ രോഗം ഭേദമായ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അജന്യ. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ കൊവിഡ് രാജകുമാരിയാകാൻ ശ്രമിക്കുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിന് പിന്നാലെയാണ് അജന്യയുടെ പ്രതികരണം. നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും മുല്ലപ്പള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു.

നിപ കാലത്ത് ലിനി മരിച്ചപ്പോൾ അന്ന് വടകര എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അതിഥി വേഷത്തിൽ പോലും എത്തിയില്ലെന്നും, ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ കുടുംബത്തോടൊപ്പം തന്നെയാണ് ഉണ്ടായിരുന്നതെന്നുമായിരുന്നു സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിപാ രാജകുമാരി പട്ടം തട്ടിയെടുത്ത ആരോഗ്യമന്ത്രി ഇപ്പോൾ കോവിഡ് റാണി പട്ടം കൂടി നേടാനുള്ള ശ്രമമാണെന്ന‍ായിരുന്നു മന്ത്രിക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നിട്ടും തിരുത്താനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുല്ലപ്പളളി.

മുല്ലപ്പള്ളിയുടെ പരാമർശത്തിൽ കോൺഗ്രസും രണ്ട് ചേരിയിലാണ്. എന്നാൽ പരസ്യമായ പ്രതികരണങ്ങളൊന്നും പാർട്ടിക്കുളളിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനെ കുറിച്ച് കോൺഗ്രസിലെ വനിതാനേതാക്കളൊന്നും പ്രതികരിക്കാൻ തയ്യാറുമല്ല. ആരോഗ്യമന്ത്രിക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് മീഡിയാ മാനിയ പരമാർശം നടത്തിയിരുന്നു. അന്നും സമാനമായ പ്രതിഷേധമുയർന്നു. അതേ രീതിയിൽ തിരിച്ചടിയുണ്ടാക്കുന്ന പരാമർശമാണിതെന്നാണ് ആരോപണം. 

വ്യക്തിപരമായ വിമർശനങ്ങൾ ഒഴിവാക്കി വിഷയങ്ങളിലൂന്നി സർക്കാരിനെ നേരിടണമെന്നായിരുന്നു അതേ തുടർന്ന് കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ പാർട്ടി അധ്യക്ഷൻ തന്നെ വീണ്ടും അതേ പാത പിന്തുടർന്നത് പ്രതിപക്ഷത്തെയാകെ പ്രതിരോധത്തിലാക്കി. മറുപക്ഷത്ത് കെ കെ ശൈലജയെ പിന്തുണച്ചു കൊണ്ടും മുല്ലപ്പളളിയുടെ മാപ്പ് ആവശ്യപ്പെട്ടുകൊണ്ടും ഇടതുചേരിയിലുളളവർ കൂട്ടമായി രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.