ദില്ലി: യൂണിവേഴ്‍സിറ്റി കോളേജ് ആക്രമണത്തിന്‍റെയും പരീക്ഷാ ക്രമക്കേട് അടക്കം ആരോപണങ്ങളുടെയും സാഹചര്യത്തിൽ എസ്എഫ്ഐയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് എകെ ആന്‍റണി. സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സംഭവമാണ് യൂണിവേഴ്‍സിറ്റി കോളേജിൽ ഉണ്ടായത്. പരീക്ഷാ ക്രമക്കേടിലടക്കം ജുഡീഷ്യൽ അന്വേഷണം വേണമെന്നും എകെ ആന്‍റണി ആവശ്യപ്പെട്ടു. 

 പി എസ് സിയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. അന്വേഷണം നടക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും കേരള പോലീസിന്‍റെ കൈകൾ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ്. ജുഡീഷ്യൽ അന്വേഷണത്തിന്‍റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് മുൻപ് രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കണമെന്നും എകെ ആന്‍റണി പറഞ്ഞു. 
കെഎസ്‍യു പ്രത്യക്ഷ സമരത്തിലാണ്. എസ്എഫ്ഐക്കെതിരെ നടപടി ആവശ്യപ്പെടുന്ന അഭിജിത്തിന്‍റെ  നിരാഹാര സമരത്തിന് പ്രതിപക്ഷത്തിന്‍റെ നല്ല പിന്തുണയുണ്ടെന്നും ആന്‍റണി പറഞ്ഞു.

 ഏറ്റവുമധികം ആളുകളെ കൊന്ന വിദ്യാർത്ഥി സംഘടന എസ്എഫ്ഐ യാണെന്ന്  ആരോപിച്ച എകെ ആന്‍റണി ഏറ്റവും കൊലവിളി നടത്തിയ സംഘടനയും എസ്എഫ് ഐ തന്നെയെന്ന് ആവര്‍ത്തിച്ചു.