Asianet News MalayalamAsianet News Malayalam

"മുന്നണി പല തവണ മാറിയെങ്കിലും കൂറ് എന്നും പാവപ്പെട്ടവരോടായിരുന്നു" കെ ആർ ഗൗരിയമ്മയെ അനുസ്മരിച്ച് എ കെ ആൻ്റണി

പാവപ്പെട്ടവരുടെ പ്രശ്നം വരുമ്പോൾ ​ഗൗരിയമ്മ മുഖം നോക്കാതെയും പാർട്ടി നോക്കാതെയും നടപടിയെടുക്കുകയും പ്രവ‌ർത്തിക്കുകയും ചെയ്തിരുന്നുവെന്ന് അനുസ്മരിച്ച ആൻ്റണി തൻ്റെ മന്ത്രിസഭയിൽ ​ഗൗരിയമ്മ മന്ത്രിയായി പ്രവ‌ർത്തിച്ചത് ബഹുമതിയായാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു. 

ak antony remembers k r gouriyamma as one of the most influential and impactful ministers in kerala history
Author
Trivandrum, First Published May 11, 2021, 8:47 AM IST

തിരുവനന്തപുരം: എന്നും കേരളത്തിലെ പാവപ്പെട്ടവർക്കും കുടിയാൻമാർക്കും പാട്ടക്കാർക്കും സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് എ കെ ആൻ്റണി. പാവപ്പെട്ടവർക്ക് ഒരിക്കലും ഗൗരിയമ്മയെ മറക്കാൻ കഴിയില്ലെന്നും എപ്പോഴും അധ്വാനിക്കുന്നവരോട് കൂറുള്ള നേതാവായിരുന്നു അവരെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അനുസ്മരിച്ചു. 

താൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കേരള രാഷ്ട്രീയത്തിലെ എറ്റവും ശ്രദ്ധേയയായ നേതാവായിരുന്നു കെ ആ‌ർ ​ഗൗരിയമ്മയെന്നും, ഗൗരിയമ്മയെ പോലെ കേരളത്തിൻ്റെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ശക്തയായി പ്രവ‌‌ർത്തിച്ച വനിതാ നേതാക്കൻമാ‌‌ർ കുറവാണെന്നും ആൻ്റണി പറയുന്നു. 

കേരളത്തിന്റെ ചരിത്രത്തിലെ എറ്റവും വിപ്ലവകരമായ സമ​ഗ്രമായ കാർഷിക പരിഷ്കരണ നിയമം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് അസംബ്ലിയിൽ അവതരിപ്പിച്ചതും പാസാക്കിയതും ​ഗൗരിയമ്മയായിരുന്നു. നി‌‌‌ർഭാ​ഗ്യവശാൽ രാഷ്ട്രപതി അത് അം​ഗീകരിക്കാതെ പോയി. പിന്നീട് അച്യുതമേനോൻ മന്ത്രിസഭ ഇതിൽ ഭേദഗതികൾ വരുത്തിയാണ് പാസാക്കിയതെന്ന് ആൻ്റണി ഓർമ്മിപ്പിച്ചു. 

പല മുന്നണികളിൽ ഗൗരിയമ്മ പ്രവർത്തച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി കൂറ് പാവപ്പെട്ടവരോട് മാത്രമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അനുസ്മരിക്കുന്നു. പാവപ്പെട്ടവരുടെ പ്രശ്നം വരുമ്പോൾ ​ഗൗരിയമ്മ മുഖം നോക്കാതെയും പാർട്ടി നോക്കാതെയും നടപടിയെടുക്കുകയും പ്രവ‌ർത്തിക്കുകയും ചെയ്തിരുന്നു. എന്റെ മന്ത്രിസഭയിൽ ​ഗൗരിയമ്മ മന്ത്രിയായി പ്രവ‌ർത്തിച്ചത് ബഹുമതിയായാണ് കാണുന്നതെന്നും ആൻ്റണി പറഞ്ഞു, 

മന്ത്രിയായി പ്രവർത്തിച്ച കാലഘട്ടങ്ങളിൽ കേരളത്തിനായി ഇത്രയധികം കാര്യങ്ങൾ ചെയ്ത മറ്റൊരു നേതാവുണ്ടായിരുന്നോ എന്ന് സംശയമാണെന്ന് പറഞ്ഞ എ കെ ആൻ്റണി ​ഗൗരിയമ്മയുടെ വേർപാട് അക്ഷരാ‌ർത്ഥിൽ നികത്താനാവാത്ത വിടവാണെന്ന് വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

Follow Us:
Download App:
  • android
  • ios