പരാതിയിൽ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നിജസ്ഥിതി പുറത്ത് വരട്ടെയെന്നും മന്ത്രി എ കെ ബാലൻ
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയുടെ പേരിൽ നടക്കുന്നത് പാർട്ടിയെ മനപ്പൂർവ്വം അപമാനിക്കാനുള്ള ശ്രമമാണെന്ന് മന്ത്രി എ കെ ബാലൻ. ഇതിന് പിന്നിലെ ഗൂഢാലോചന എന്താണെന്നറിയാം. പറയേണ്ട സമയത്ത് പുറത്ത് പറയുമെന്നും എ കെ ബാലൻ പറഞ്ഞു. പരാതിയിൽ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നിജസ്ഥിതി പുറത്ത് വരട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേസിൽ അറസ്റ്റിലായ പ്രകാശനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി അപേക്ഷ നൽകും. സംഭവസ്ഥലത്തെക്കുറിച്ച് വ്യക്തത ആവശ്യമാണെന്നും ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉണ്ടാകുന്ന മുറയ്ക്ക് പെൺകുട്ടിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയണമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രകാശനെ ഒറ്റപ്പാലം സബ്ജയിലിലേക്ക് മാറ്റി.
പ്രകാശന്‍റെ ഡിഎൻഎ പരിശോധനക്കുളള സാംപിൾ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയിൽ, യുവതി പൊലീസിന് നൽകിയ ആദ്യത്തെ മൊഴിയിൽ വ്യക്തത വരുത്താനാണ് CRPC 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.
മാര്‍ച്ച് 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്ത് ശ്രീഹരി വീട്ടിൽ ഹരിപ്രസാദിന്‍റെ വീടിന് പിന്നിൽ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. ഉറുമ്പരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാർ കണ്ട് വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ സ്ഥലത്തേക്ക് പാഞ്ഞെത്തി. ചൈൽഡ് ലൈനാണ് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പ്രസവിച്ച് ഏതാണ്ട് 24 മണിക്കൂർ മാത്രമായിരുന്നു കുഞ്ഞിന് പ്രായം. ഉപേക്ഷിച്ച നിലയിലായിരുന്നതിനാൽ ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്. ചൈൽഡ് ലൈനാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.
തുടർന്ന് പൊലീസെത്തി സ്ഥലത്ത് പ്രാഥമികാന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ അമ്മ ആരെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയിൽ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് ചിത്രം മാറുന്നത്.
താൻ പീഡിപ്പിക്കപ്പെട്ടതാണെന്ന് യുവതി പൊലീസിന് മുമ്പാകെ മൊഴി നൽകി. സിപിഎം പോഷകസംഘടനാ പ്രവർത്തകയായിരിക്കെ പാർട്ടി ഓഫീസിലെത്തിയ താൻ അതേ സംഘടനയിൽപ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാൾ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. ചെർപ്പുളശ്ശേരിയിലെ ഒരു കോളേജിൽ പഠിക്കുന്ന കാലത്ത് മാഗസിൻ തയ്യാറാക്കാൻ പാർട്ടി ഓഫീസിലെത്തിയപ്പോൾ അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
