തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹര്‍ജി നല്‍കണമെന്നത് പൊതുവികാരമെന്ന് മന്ത്രി എ കെ ബാലന്‍. പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായി മന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ യുഡിഎഫ് നല്ല രീതിയിലാണ് പ്രതിരോധിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് പ്രമേയം പാസാക്കുന്നില്ല, മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് ദേശവ്യാപകമായി സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന് മാന്യതയുണ്ടെങ്കിൽ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്നും മന്ത്രി പററഞ്ഞു. 

പൗരത്വ നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ നിയമ ദേദഗതിക്കെതിരെ ആദ്യം മുതലേ വന്‍ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. 

കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ഉള്ളത്.