Asianet News MalayalamAsianet News Malayalam

കെപിസിസി പുന:സംഘടന; കൂടുതൽ പറയേണ്ടത് കേരളത്തിലെ നേതാക്കളെന്ന് ആന്‍റണി, തീരുമാനം ഹൈക്കമാന്‍ഡിന്‍റേതെന്ന് മുല്ലപ്പള്ളി

കെപിസിസി പുന:സംഘടന സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന്  എ കെ ആന്‍റണി .ഒരാള്‍ക്ക് ഒരു പദവിയെന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍റ് ആണെന്ന്  മുല്ലപ്പള്ളി രാമചന്ദ്രന്‍.

ak natony mullappally ramachandran on kpcc
Author
Thiruvananthapuram, First Published Aug 20, 2019, 1:06 PM IST

തിരുവനന്തപുരം: കെപിസിസി പുന:സംഘടന സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി പറഞ്ഞു. എല്ലാവരുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് ഒരു പദവിയെന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍റ് ആണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പുന:സംഘടനയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയേണ്ടത് കേരളത്തിലെ നേതാക്കളാണെന്നാണ് എ കെ ആന്‍റണിയുടെ നിലപാട്.  പുന:സംഘടനയെക്കുറിച്ച് സമ്മര്‍ദ്ദങ്ങളിലെന്നും നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. സമവായത്തിലൂടെ എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന സമീപനമാണ് തന്‍റേത്. ചര്‍ച്ചകള്‍ തുടരുകയാണ്. അർഹമായ പ്രാതിനിധ്യം നൽകി പുനസംഘടന എത്രയും വേഗം പൂർത്തിയാക്കാമെന്ന്  പ്രതീക്ഷിക്കുനന്തായും മുല്ലപ്പള്ളി പറഞ്ഞു.

പുന:സംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുരളീധരന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്‍കിയതായി വാര്‍ത്ത വന്നിരുന്നു. ജനപ്രതിനിധികളായ ആളുകളെ പാര്‍ട്ടിയുടെ തലപ്പത്ത് നിറയ്ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പാര്‍ട്ടിയില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുകയാണെന്നും കത്തില്‍  മുരളീധരന്‍ കുറ്റപ്പെടുത്തിയതായാണ് പുറത്തുവന്ന വിവരം. എന്നാല്‍, ഇത് മുല്ലപ്പള്ളി നിഷേധിച്ചിരിക്കുകയാണ്.

ഒരാള്‍ക്ക് ഒരു പദവി എന്ന വാദത്തില്‍ തട്ടിയാണ് കെപിസിസി പുന:സംഘടന വൈകിയത്. ജനപ്രതിനിധികളെ പാര്‍ട്ടി ഭാരവാഹികളാക്കണോ എന്ന കാര്യത്തില്‍ നേതൃത്വത്തിന് അഭിപ്രായഐക്യമില്ല എന്നാണ് സൂചന.  ജനപ്രതിനിധികള്‍ക്ക് ഭാരവാഹിത്വം നല്‍കേണ്ടതില്ല എന്നാണ്  മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ളവര്‍  പറയുന്നത്. പരമാവധി പേരെ ഉള്‍ക്കൊള്ളാന്‍ ഇതാണ് അനുയോജ്യം എന്നും അവര്‍ പറയുന്നു. എന്നാല്‍, രമേശ് ചെന്നിത്തലയ്ക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ലെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

Follow Us:
Download App:
  • android
  • ios