Asianet News MalayalamAsianet News Malayalam

കഴിയാവുന്നത്ര ഇളവുകൾ നൽകി, ബസ്സുടമകളുമായി ഇനി ചർച്ചയില്ലെന്ന് ഗതാഗതമന്ത്രി

ബസ് ഉടമകളുടെ ആവശ്യപ്രകാരമാണ് നിരക്ക് കൂട്ടിയത്. ടാക്സ് മൂന്ന് മാസം അടക്കേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. ബസുടമകളുമായി ഇനിയും ചർച്ച നടത്തില്ല. ബസുകൾ ഇതുവരെ ഓടിച്ചില്ലല്ലോ, ഇനിയും ഓടിക്കണ്ടയെന്ന് മന്ത്രി പറഞ്ഞു.

ak saseendran on private bus service on 4th lockdown
Author
Thiruvananthapuram, First Published May 19, 2020, 10:18 AM IST

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവിൽ സംസ്ഥാനത്ത് സ്വകാര്യ ബസ് ഓടില്ലെന്ന ബസ് ഉടമകളുടെ നിലപാട് തിരുത്തണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സ്വകാര്യ ബസ്സുടമകൾ സാഹചര്യം മനസിലാക്കണമെന്നും നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു. കഴിയാവുന്നത്ര ഇളവുകൾ നൽകിയിട്ടുണ്ടെന്നും ബസ്സുടമകളുമായി ഇനി ചർച്ചയില്ലെന്ന് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

എല്ലാവരും യാത്ര ചെയ്യണം എന്ന് സർക്കാർ കരുതുന്നില്ലെന്നും ലോക്ക്ഡൗൺ ഇളവിൻ്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. ബസ് ഉടമകളുടെ ആവശ്യപ്രകാരമാണ് നിരക്ക് കൂട്ടിയത്. ടാക്സ് മൂന്ന് മാസം അടക്കേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. സർക്കാരും യാത്രക്കാരും ബസ് ഉടമകളും നഷ്ടം പങ്കുവയ്ക്കുകയാണ്. ബസുടമകളുമായി ഇനിയും ചർച്ച നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ബസുകൾ ഇതുവരെ ഓടിച്ചില്ലല്ലോ, ഇനിയും ഓടിക്കണ്ടയെന്ന് അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണിന്‍റെ നാലാം ഘട്ടത്തിൽ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചെങ്കിലും ബസ്സുകൾ സർവീസ് നടത്തില്ലെന്നാണ് സ്വകാര്യബസ്സുടമകളുടെ സംഘടനയുടെ നിലപാട്. സർക്കാർ ഇപ്പോൾ നിശ്ചയിച്ച നിബന്ധനകളോടെ ബസ്സ് ഓടിക്കുന്നത് പ്രായോഗികമല്ല. 50 ശതമാനം ആളുകളുമായി ബസ്സ് ഓടുന്നത് ലാഭകരമല്ലെന്നും, സർക്കാരിനോട് ചോദിച്ചത് ഇരട്ടി ബസ് ചാർജ് വർദ്ധനയാണെന്നും ബസ്സുടമകൾ പറഞ്ഞു. ഡീസൽ നികുതി ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ഇത് അംഗീകരിക്കാത്തതിനാലാണ് ബസ്സുടമകളിൽ പ്രതിഷേധം. 

ബസ് യാത്രാക്കൂലി കുറഞ്ഞത് 8 രൂപയായിരുന്നത് 12 രൂപയാക്കിയാണ് കൂട്ടിയത്. 20 രൂപയെങ്കിലും കുറഞ്ഞ യാത്രാക്കൂലി വേണമെന്നായിരുന്നു ബസ്സുടമകളുടെ ആവശ്യം. വീഡിയോ കോൺഫറൻസ് വഴി  ബസ് ഉടമകൾ 11 മണിക്ക് യോഗം ചേരും. പ്രതിഷേധം സർക്കാരിനെ അറിയിക്കാനാണ് ബസ്സുടമകളുടെ തീരുമാനം.

Also Read: പ്രതിഷേധം, ലോക്ക്ഡൗൺ നാലാം ഘട്ടത്തിലും കേരളത്തിൽ സ്വകാര്യ ബസ്സുകൾ ഓടില്ല

Follow Us:
Download App:
  • android
  • ios