കോഴിക്കോട്: ഓണക്കാലത്ത് കെഎസ്ആർടിസി അന്തർ സംസ്ഥാന സ്പെഷ്യൽ സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും ഈ മാസം 27 മുതൽ കെഎസ്ആര്‍ടിസി സ്പെഷ്യൽ സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാണ് സർവീസ്.

പത്ത് ശതമാനം അധിക നിരക്കിലായിരിക്കും സ്പെഷ്യൽ സർവീസ് നടത്തുക. ടിക്കറ്റ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാമെന്നും യാത്രക്കാർ എല്ലാവരും കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കുള്ള പാസ് എടുക്കണമെന്നും മന്ത്രി അറിയിച്ചു. റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കുമെന്നും യാത്രക്കാർ ആരോഗ്യ സേതു ആപ്പ് ഡൗൺ ലോഡ് ചെയ്യണമെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ് തുക തിരിച്ച് നൽകുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

Also Read: സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് ഉത്തരവിറക്കി