ആകാശ് തില്ലങ്കേരിക്കും സംഘത്തിനുമെതിരെ വീണ്ടും പരാതിയുമായി ഡിവൈഎഫ്ഐ വനിതാ പ്രവർത്തക ശ്രീലക്ഷ്മിയെത്തി
കണ്ണൂർ: വീണ്ടും മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി. തനിക്കെതിരെ നിലപാടെടുക്കുന്ന ഡിവൈഎഫ്ഐ നേതാവിനാണ് മുന്നറിയിപ്പ്. വിതച്ചതേ കൊയ്യൂ എന്ന് ഡിവൈഎഫ്ഐ നേതാവ് രാഗിന്ദിനോട് ആകാശ് പറഞ്ഞു. ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്നങ്ങൾ വഷളാക്കിയത് നിങ്ങളാണ്. ഒരൊറ്റ പ്രസ്ഥാവന കൊണ്ട് ഞങ്ങളെ ഡിവൈഎഫ്ഐ പ്രസ്ഥാനം ഒറ്റുകാരാക്കി. ഡിവൈഎഫ്ഐയുടെ സംഘടിതമായ സൈബർ ആക്രമണത്തെ ചെറുക്കും. കെകെ ശൈലജയുടെ പേഴ്സണൽ സ്റ്റാഫ് അംഗം രാഗിന്ദിന്റെ പേര് ഉന്നയിച്ചാണ് മുന്നറിയിപ്പ്. സി പി എം വട്ടപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് രാഗിന്ദ്. ആകാശ് തില്ലങ്കേരി ഒളിവിൽ പോയെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ആകാശ് തില്ലങ്കേരിക്കും സംഘത്തിനുമെതിരെ വീണ്ടും പരാതിയുമായി ഡിവൈഎഫ്ഐ വനിതാ പ്രവർത്തക ശ്രീലക്ഷ്മിയെത്തി. പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ഫെയ്ക്ക് ഐഡി ഉണ്ടാക്കി താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ കൂടിയായ ശ്രീലക്ഷ്മി പറയുന്നു. ആകാശിനെതിരെ കഴിഞ്ഞ ദിവസം ശ്രീലക്ഷ്മി പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് ഒളിവിൽ പോയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി.
മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറാണ് ശ്രീലക്ഷ്മിയുടെ ഭർത്താവ് അനൂപ്. ശ്രീലക്ഷ്മി നൽകിയ പരാതിയിൽ ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവർക്കെതിരെ മുഴക്കുന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെയും ജയപ്രകാശ് തില്ലങ്കേരി ശ്രീലക്ഷ്മിക്കെതിരെ അധിക്ഷേപ പോസ്റ്റിട്ടു. പിന്നീട് പിൻവലിച്ചു.
ഫേസ്ബുക്കിൽ ആരോപണ പ്രത്യാരോപണം നടക്കുന്നതിനിടെ വീണ്ടും കൊലവിളി പരാമർശം ജിജോ നടത്തി. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചാൽ കൊല്ലാതെ പിന്നെ ഉമ്മവയ്ക്കണമായിരുന്നോ എന്നാണ് കമന്റ്. ആകാശിന്റെ അടുത്ത സുഹൃത്തുക്കളാണ് ജയപ്രകാശും ജിജോയും. കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയി. കൂടുതൽ പ്രതികരണങ്ങൾ നടത്താതെ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാണ് യുവ നേതാക്കൾക്ക് സിപിഎം നൽകിയ നിർദ്ദേശം.
