നിയമന കോഴക്കേസ്: അഖിലിന്റെ പരാതി അന്വേഷിക്കുന്ന കന്റോൺമെന്റ് പൊലീസ് ഹരിദാസന്റെ വീട്ടിൽ
മെഡിക്കൽ ഓഫീസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു കോഴ വാങ്ങിയെന്ന് ഗുരുതര ആരോപണം പുറത്ത് വന്നതിന് പിന്നാലെയാണ് അഖിൽ മാത്യു പൊലീസില്‍ പരാതി നല്‍കിയത്

മലപ്പുറം: വിവാദമായ നിയമന കോഴക്കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന്റെ പരാതി അന്വേഷിക്കുന്ന കന്റോൺമെന്റ് പൊലീസ് ആരോപണം ഉന്നയിച്ച ഹരിദാസന്റെ വീട്ടിലെത്തി. അഖിലിന്റെ പരാതിയിൽ ഹരിദാസന്റെ മൊഴിയെടുക്കുന്നതിനായാണ് പൊലീസ് സംഘം എത്തിയത്. കന്റോൺമെന്റ് പൊലീസ് സിഐയും മറ്റൊരു പൊലീസുകാരനുമാണ് ഹരിദാസനിൽ നിന്ന് മൊഴിയെടുക്കുന്നത്.
അഖിൽ മാത്യുവിന് ഒരു ലക്ഷവും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവിന് 75,000 രൂപയും കൈമാറിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസൻ്റെ ആരോപണം. ഇതിന് പിന്നാലെയാണ് അഖിൽ മാത്യു പൊലീസില്‍ പരാതി നല്‍കിയത്. തന്റെ പേരുപയോഗിച്ച് തന്നെയും ആരോഗ്യവകുപ്പ് മന്ത്രിയെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഹരിദാസനിൽ നിന്നും മറ്റാരോ പണം കൈപ്പറ്റിയെന്നും ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നുമായിരുന്നു അഖിലിന്റെ പരാതി.
ഹരിദാസൻ ഒരു ലക്ഷം രൂപ കൈമാറിയെന്ന് പറയുന്ന സമയത്ത് അഖിൽ മാത്യു തിരുവനന്തപുരത്തായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പത്തനംതിട്ടയിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിലായിരുന്നു അഖിൽ മാത്യു. അന്ന് മന്ത്രിയും ഈ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. അതിനാൽ തന്നെ പരാതിയിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന് മന്ത്രിയുടെ ഓഫീസിൽ നിന്നും പാർട്ടിയിൽ നിന്നും പൂർണ പിന്തുണയാണ് ലഭിക്കുന്നത്.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്