കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ പൊലീസ് കസ്റ്റഡി തുടരും. ഇവരെ മൂന്ന് ദിവസത്തേക്ക് കൂടി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് പ്രിൻസിപ്പൽ ആന്‍റ് സെഷൻസ് കോടതിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.

അലന്‍റെയും താഹയുടെയും  മവോയിസ്റ്റ് ബന്ധത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും വിശദമായി ചോദ്യം ചെയ്യാനും കസ്റ്റിഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം. അന്വേഷണ സംഘത്തെകുറിച്ചോ ജയില്‍ അധികൃതരെകുറിച്ചോ എന്തെങ്കിലും പരാതിയുണ്ടോ എന്ന ചോദ്യത്തിന് ജയിലില്‍ നിന്നും മാവോയിസ്റ്റുകളെന്ന് വിളിച്ച് വാര്‍ഡന്‍മാര്‍ അപമാനിക്കുന്നുണ്ടെന്ന് അലന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

നേരത്തെ അലനും താഹയും നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തോട് നിർദ്ദേശിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്.

വീടുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ലഘുലേഖയും പുസ്തകങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലിൽ അടക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ഇരുവരും ഹൈക്കോടിതയില്‍ നല്‍കി ഹർജിയിൽ ആവശ്യപ്പെടുന്നത്.