Asianet News MalayalamAsianet News Malayalam

'അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ'; നിലപാട് വ്യക്തമാക്കി ഡിവൈഎഫ്ഐ

പൊലീസ് നിലപാട് ഡിവൈഎഫ്ഐ വിശ്വസിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. നേരത്തെ, പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സിപിഎമ്മും സ്ഥിരീകരിച്ചിരുന്നു

alan and thaha are maoists says dyfi
Author
Thiruvananthapuram, First Published Dec 19, 2019, 7:58 PM IST

തിരുവനന്തപുരം: പന്തീരാങ്കാവിൽ നിന്ന് അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിൽ ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ. പൊലീസ് നിലപാട് ഡിവൈഎഫ്ഐ വിശ്വസിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

നേരത്തെ, പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സിപിഎമ്മും സ്ഥിരീകരിച്ചിരുന്നു. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് ഭീഷണിമൂലമല്ല, സ്വയം വിളിച്ചതാണ്. സിപിഎം, പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത രേഖകളെല്ലാം ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും സിപിഎം നടത്തിയ വിശദീകരണയോഗത്തില്‍ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പികെ പ്രേംനാഥ് പറഞ്ഞിരുന്നു.  

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായി യുഎപിഎ ചുമത്തപ്പെട്ട അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. അവർ സിപിഎം പ്രവർത്തകരല്ലെന്നും അവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കപ്പെട്ടതാണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നവംബർ രണ്ടിനാണ് പോലീസ് കോഴിക്കോട്ട് നിന്ന് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തത്.

വ്യാജ തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസിൽ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. അതേസമയം, പൗരത്വനിയമത്തിനെതിരെ ഒരുമാസം നീളുന്ന പ്രചാരണ പരിപാടി നടത്താന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചു. ഭവനസന്ദർശനം, ഭരണഘടനാവായന, യൂത്ത് മാർച്ച് , മേഖലാറാലികൾ എന്നീ പരിപാടികളാണ് സംഘടിപ്പിക്കുക. ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്ദരാകില്ല എന്ന മുദ്രാവാക്യവുമായാണ് പ്രചാരണം.

Follow Us:
Download App:
  • android
  • ios