Asianet News MalayalamAsianet News Malayalam

നീണ്ട 42 വർഷത്തെ കാത്തിരിപ്പിന് വിരാമം; കടലഴകിലേക്ക് മിഴി തുറക്കുന്ന ആലപ്പുഴ ബൈപ്പാസ് ഇന്ന് ഉദ്ഘാടനം ചെയ്യും

ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ യാത്ര ചെയ്യാന്‍ കഴിയും.

alappuzha bypass inauguration today
Author
Alappuzha, First Published Jan 28, 2021, 6:25 AM IST

ആലപ്പുഴ: അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിൻ്റെ ഉദ്ഘാടനം നി‍ർവഹിക്കുന്നത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിൻ്റെ പ്രധാന ആക‍ർഷണം. ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരമാകും.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകുന്നത്. ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1969 ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം 1990 ഡിസംബറിലായിരുന്നു ആദ്യ നിർമാണോദ്ഘാടനം. 2001 ൽ ഒന്നാംഘട്ട പൂർത്തിയായി. 2004 ൽ രണ്ടാംഘട്ടനിർമാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പിന് ഒപ്പം  റെയിൽവേ മേൽപ്പാലങ്ങളുടെ പേരിലും വർഷങ്ങളോളം നിർമാണം വൈകി. ഇതോടൊപ്പം കടൽമണ്ണ് ശേഖരിച്ചുള്ള റോഡ്നിർമാണത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും തടസ്സം നിന്നു. 

2006 ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ. മുനീറാണ് ബീച്ചിലൂടെ മേൽപ്പാലം എന്ന ആശയം പ്രഖ്യാപിച്ചത്. എന്നാൽ റെയിൽവേ മേൽപ്പാലം, ഫ്ലൈ ഓവർ എന്നിവയുടെ പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തർക്കം തുടർന്നു. ഒടുവിൽ 2009 ൽ ഹൈക്കോടതി വടിയെടുത്തു. കൊല്ലം, ആലപ്പുഴ ബൈപ്പാസുകൾ ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ചു. തുടർന്ന് 2012 ൽ ഉമ്മൻചാണ്ടി സർക്കാർ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായി ബൈപ്പാസ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു. 

2015 ൽ 344 കോടി രൂപ ചെലവിൽ പുതിയ എസ്റ്റിമേറ്റ് വന്നു. ഏപ്രിൽ 10 ന് വീണ്ടും നിർമാണോദ്ഘാടനം. 2016 ൽ മേൽപ്പാലത്തിനായി ബീച്ചിനോട് ചേർന്ന് കൂറ്റൻ തൂണുകൾ ഉയർന്നു. അപ്പോഴും കുതിരപ്പന്തിയിലെയും മാളിമുക്കിലെയും റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം തുടങ്ങിയിരുന്നില്ല. പിണറായി സർക്കാർ അധികാരത്തി‌ൽ വന്നപ്പോഴും പൊതുമരാമത്ത് വകുപ്പ് കൂടുതൽ സമയം ചെലവഴിച്ചത്, റെയിൽവേയുമായുള്ള തർക്കം പരിഹരിക്കാനായിരുന്നു. 2020 ജൂൺ മാസത്തോടെ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കി. പിന്നെ അതിവേഗത്തി‌ൽ ടാറിംഗും നവീകരണ ജോലികളും തീർന്നു.

6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ ദൂരം. ഇതിൽ 3.2 കിലോമീറ്റർ ബീച്ചിന് മുകളിലൂടയുള്ള മേൽപ്പാലമാണ്. കൊല്ലം ഭാഗത്ത് നിന്ന് വരുമ്പോൾ കളർകോട് നിന്നാണ് ബൈപ്പാസിൻറെ തുടക്കം. എറണാകുളം ഭാഗത്ത് നിന്ന് വരുമ്പോൾ കൊമ്മാടിയിൽ നിന്നും ബൈപ്പാസിൽ കയറാം. ബീച്ചിൻ്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം. രാത്രികാല കാഴ്ചകളും മനോഹരമാണ്. നിലവിൽ രണ്ട് വരിയാണ് ബൈപ്പാസ്. ദേശീയപാതയുടെ ഭാഗമായതിനാൽ ആറുവരിയായി മാറണം.

Follow Us:
Download App:
  • android
  • ios