ആലപ്പുഴ: നഗരസഭാധ്യക്ഷയെ തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി. മികച്ച വിജയം നേടിയ ആലപ്പുഴയിൽ സൗമ്യരാജിനെയാണ് പാർട്ടി നഗരസഭാ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. കെ ജയമ്മയെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ അടക്കമുള്ളവർ ചെങ്കൊടികളുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റംഗം പി പി ചിത്തരഞ്ജൻ അടക്കമുള്ളവർക്കെതിരെ മുദ്രാവാക്യവുമായാണ് സ്ത്രീകൾ അടക്കമുള്ളവർ ചെങ്കൊടികളുമായി നഗരമധ്യത്തിൽ പരസ്യമായ പ്രതിഷേധപ്രകടനം നടത്തുന്നത്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയം നേടിയ ഏകസീറ്റായ ആലപ്പുഴയിൽ തദ്ദേശതെരഞ്ഞെടുപ്പിലും സിപിഎം സ്വന്തമാക്കിയത് നല്ല വിജയമാണ്. ഇവിടെയാണ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനടക്കമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുമായി ഒരു സംഘം പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്. ലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്ഥാനത്തെ വിറ്റു- എന്നടക്കമുള്ള മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ ഏറ്റുവിളിക്കുന്നത്. സിപിഎം കോട്ടയായ ആലപ്പുഴയിൽ ഇത്തരമൊരു കാഴ്ച അപൂർവവുമാണ്. വിശേഷിച്ച്, സിപിഎമ്മിന് ഇത്തരമൊരു പരസ്യപ്രതിഷേധം തടയാനായില്ല എന്നത് പാർട്ടിയിൽ ഉണ്ടാക്കുന്ന അലയൊലികൾ ചെറുതാവുകയുമില്ല.