'കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ'

ആലപ്പുഴ: മഴ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ കളക്ടറായി പുതുതായി ചുമതലയേറ്റ വി ആർ കൃഷ്‌ണ തേജയാണ് ജില്ലയിൽ അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ചുള്ള കളക്ടറുടെ കുറിപ്പാകട്ടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പ്രിയ കുട്ടികളെ എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ടാണ് കളക്ടറുടെ കുറിപ്പ്. 'അവധിയെന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാന്‍ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ' - ഇങ്ങനെയാണ് കളക്ടർ കൃഷ്ണ തേജ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേർ കളക്ടറുടെ കുറിപ്പിനെ അഭിനന്ദിച്ച് കമന്‍റുമായി രംഗത്തെത്തിയിട്ടുണ്ട്.

ആലപ്പുഴ കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

പ്രിയ കുട്ടികളെ,
ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാന്‍ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...
സനേഹത്തോടെ

അതേസമയം നാളെ അലപ്പുഴ അടക്കം മൂന്ന് ജില്ലകളിലാണ് ഇതുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ അവധി. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. ഇടുക്കിയില്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു.

കേരളത്തിന് മുകളിൽ 'അന്തരീക്ഷ ചുഴി'; മഴ ഭീഷണി അകലുന്നില്ല, വരും ദിനങ്ങളിലും ശക്തമായി തുടരാൻ സാധ്യത

പത്തനംതിട്ട തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. മഹാത്മാഗാന്ധി സർവ്വകലാശാലയില്‍ നാളത്തെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

തീവ്രമഴ മുന്നറിയിപ്പില്ല, തലസ്ഥാനമടക്കം 3 ജില്ലയിൽ വലിയ ആശ്വാസം; അതിതീവ്ര മഴ സാധ്യത ഒരിടത്തുമില്ല