ഏലിയാമ്മയില്‍ നിന്ന് കവര്‍ന്ന ഒമ്പത് പവന്‍ ആഭരണങ്ങള്‍ ഫ്രില്ലി സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വച്ചതിന്‍റെ രേഖകളടക്കം കിട്ടിയതോടെ പ്രതി ഫ്രില്ലി തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. കൊലപാതകം നടത്തും മുമ്പ് അടുക്കളവാതില്‍ കുറ്റിയിടുമ്പോള്‍ പതിഞ്ഞ ഫ്രില്ലിയുടെ വിരലടയാളവും പ്രധാന തെളിവായി.
ആലപ്പുഴ: ആലപ്പുഴ പൊലീസിനെ ആഴ്ചകളോളം വട്ടം ചുറ്റിച്ച കേസായിരുന്നു ഏലിയാമ്മ കൊലക്കേസ്. കേസിലെ മുഖ്യസാക്ഷിയെന്ന് പൊലീസ് കരുതിയിരുന്ന ഏലിയാമ്മയുടെ ബന്ധു ഫ്രില്ലി ഫ്രാന്‍സിസാണ് യഥാര്‍ഥ കൊലപാതകിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത് കേസിന്‍റെ അവസാന ഘട്ടത്തില്‍. കേസില്‍ നിന്ന് രക്ഷപ്പെടാനായി ഫ്രില്ലി പറഞ്ഞ ഒരു നുണയില്‍ നിന്നാണ് കൊലപാതകത്തിനു പിന്നിലെ സത്യം പൊലീസ് കണ്ടെത്തിയത്.
2010 ആഗസ്റ്റ് മാസം പന്ത്രണ്ടാം തീയതിയാണ് ആര്യാട് സ്വദേശിനി ചിന്നമ്മ എന്നു വിളിക്കുന്ന ഏലിയാമ്മ ടീച്ചറെ വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏലിയാമ്മ ടീച്ചറുടെ ഭര്‍ത്താവും നാലു മക്കളും വിദേശത്തായിരുന്നു. ജോലിക്കാരി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ജോലിക്കാരി പുറത്തു പോയ ഒരു ദിവസമായിരുന്നു കൊലപാതകം. കാര്യമായ തെളിവുകളൊന്നും ആദ്യ ഘട്ടത്തില്‍ പൊലീസിന് കിട്ടിയിരുന്നില്ല. വീടിന്‍റെ തൊട്ടടുത്ത് താമസിക്കുന്ന ഏലിയാമ്മയുടെ ബന്ധുകൂടിയായ ഫ്രില്ലി ഫ്രാന്‍സിസില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്‍റെ അന്വേഷണം മുന്നോട്ടു പോയത്.
കൊലപാതകം നടന്ന ദിവസം നാടോടി സ്ത്രീകള്‍ വീടിന്‍റെ പരിസരത്ത് കൂടി ഓടിപ്പോകുന്നത് കണ്ടിരുന്നെന്നും അവരാകാം ഏലിയാമ്മയെ കൊന്നത് എന്നുമായിരുന്നു ഫ്രില്ലി പൊലീസിനോട് പറഞ്ഞത്. ആ വഴിക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോയ പൊലീസ് ഫ്രില്ലി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊലപാതകിയുടെ രേഖാചിത്രം പോലും തയാറാക്കി. എന്നാല്‍ നാടോടിസ്ത്രീകളെ കണ്ടെന്ന ഫ്രില്ലിയുടെ മൊഴിയെ സാധൂകരിക്കുന്ന വിവരങ്ങളൊന്നും മറ്റ് നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയില്ല. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം ഫ്രില്ലിയിലേക്ക് നീണ്ടത്.
ഏലിയാമ്മയില്‍ നിന്ന് കവര്‍ന്ന ഒമ്പത് പവന്‍ ആഭരണങ്ങള്‍ ഫ്രില്ലി സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വച്ചതിന്‍റെ രേഖകളടക്കം കിട്ടിയതോടെ പ്രതി ഫ്രില്ലി തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. കൊലപാതകം നടത്തും മുമ്പ് അടുക്കളവാതില്‍ കുറ്റിയിടുമ്പോള്‍ പതിഞ്ഞ ഫ്രില്ലിയുടെ വിരലടയാളവും പ്രധാന തെളിവായി. ജോലിക്കാരി പുറത്തു പോയ സമയം നോക്കി എത്തിയ ഫ്രില്ലി ഏലിയാമ്മയ്ക്ക് മുഖത്ത് മുളക് പൊടി വിതറിയ ശേഷം തളളിതാഴെയിട്ടു.
പിന്നീട് കറിക്കത്തി കൊണ്ട് കഴുത്തിലെയും ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് കൊല്ലുകയായിരുന്നു. ജോലിക്കാരി തിരികെയെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഒരു കൊലപാതകം നടത്തിയ ശേഷം ഒരു ഭാവവ്യത്യാസവുമില്ലാതെ നാട്ടുകാരുടെ മുന്നില്‍ ദിവസങ്ങളോളം സാധാരണ പോലെ പെരുമാറിയ ഫ്രില്ലി പൊലീസിനെ പോലും അമ്പരപ്പിച്ചു. കൊലപാതകം നടത്തുമ്പോള്‍ 23 വയസു മാത്രമായിരുന്നു ഫ്രില്ലിയുടെ പ്രായം.

