ആലപ്പുഴ: ആലപ്പുഴയിൽ കൊവിഡ് പടരുന്നു. ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിലെ കീമോതെറാപ്പി യൂണിറ്റ് താത്കാലികമായി അടച്ചു. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ഡോക്ടർമാരുൾപ്പെടെ 15 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇന്ന് ജില്ലയിൽ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു.

കൃഷ്ണപുരം സ്വദേശി 60 വയസുള്ള മോഹനൻ, പുന്നപ്ര തെക്ക് സ്വദേശി 65 വയസുള്ള അഷ്റഫ് എന്നിവരാണ് മരിച്ചത്. നെഞ്ച് വേദനയും ശ്വാസമുട്ടലുമായി ശനിയാഴ്ച കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹനന് മരണശേഷമുള്ള സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിന് വണ്ടാനം മെഡിക്കൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് അഷ്റഫിന് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആലപ്പുഴ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി.