സർക്കാരാണ് ഇപ്പോഴത്തെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയെന്ന് കെ സുധാകരൻ. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ (Alappuzha Political Murder) ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് കെ സുധാകരൻ (K Sudhakaran). ആദ്യ കൊലപാതകം കഴിഞ്ഞപ്പോൾ തിരിച്ചടി ഉറപ്പായിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ പൊലീസിനായില്ല. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ താൽപര്യം കെ റെയിലിലാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടിയവരാണ് സിപിഎം. സർക്കാരാണ് ഇപ്പോഴത്തെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയെന്നും കെ സുധാകരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാൻ കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്. ഷാൻ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെയാണ് ചോദ്യം ചെയ്യല്ലിന് ശേഷം അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതകങ്ങൾക്കും പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാവും എന്നും എഡിജിപി വ്യക്തമാക്കി.
Also Read:സമാധാനം ഇല്ലാതാകുന്നു, കൊലപാതകങ്ങൾ നിഷ്പ്രയാസം നടക്കുന്നു: വിമർശനവുമായി കർദിനാൾ
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം തടയുന്നതിൽ വീഴ്ച പറ്റിയെന്നും എഡിജിപി സമ്മതിച്ചു. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം അപ്രതീക്ഷിതമായിരുന്നു. രഞ്ജിത്തിനെ അക്രമിക്കുമെന്ന് യാതൊരു സൂചനയും പൊലീസിന് ഉണ്ടായിരുന്നില്ലെന്നും അത് കൊണ്ട് തന്നെ തടയാന്‍ സാധിച്ചില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ സംശയിക്കുന്നുണ്ടെന്നും ഉന്നത ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
