ഗൂഡാലോചനയിൽ പങ്കാളികളായ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം: ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ നേതാവിൻ്റെ കൊലപാതകവുമായി (SDPI leader Murder) ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ. ഗൂഡാലോചനയിൽ പങ്കാളികളായ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ബിജെപി അനുഭാവികളാണ്. അക്രമിസംഘത്തിന് റെൻ്റ് എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലീസ് പറയുന്നു.
24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയിൽ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചംഗ സംഘമാണ് കൊലയ്ക്ക് പിന്നിൽ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.
Also Read: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടികൊന്നു; ആർഎസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ
ഇന്ന് രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. ഇദ്ദേഹത്തിന് നാല്‍പ്പത് വയസായിരുന്നു. ഇദ്ദേഹം ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്.
Also Read: ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: ആലപ്പുഴ കൊലപാതകങ്ങൾ; കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടും:മുഖ്യമന്ത്രി
