തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് ഇവര്‍.

ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാന്‍റെ (Alappuzha Shan Murder Case) കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്റ്റഡിയിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. കള്ളായിയിലെ ഒരു വീട്ടിൽ താമസിപ്പിക്കുകയായിരുന്നു ഇവർ. സുധീഷ്, ഉമേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരും ആർഎസ്എസ് പ്രവർത്തകരാണ്.

അതേസമയം, ബിജെപി നേതാവ് രൺജീത് വധക്കേസിൽ പ്രതികൾക്കായി അന്വേഷണ സംഘം തമിഴ്നാട്ടിലും തിരച്ചി‍ൽ നടത്തുകയാണ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിജിറ്റൽ തെളിവുകൾ ഒന്നും പ്രതികൾ അവശേഷിപ്പിക്കാത്തതാണ് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണം.

ആലപ്പുഴ ജില്ലയിൽ ഇന്നലെ രാത്രിയിലും എസ്ഡിപിഐ-ആര്‍എസ്എസ് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, കെ എസ് ഷാൻ വധക്കേസിൽ അറസ്റ്റിലായ അഖിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡിലുള്ള അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും.