പാലക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ആലത്തൂർ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ നെല്ല് സംഭരണവും പണപ്പിരിവും വിവാദത്തിൽ. നെൽ കർഷകരിൽ നിന്ന് പണം പിരിച്ചതിൽ അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കെ ഡി പ്രസേനൻ എംഎൽഎ പറഞ്ഞു.

കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനായാണ് ആലത്തൂർ എംഎൽഎ കർഷകരിൽ നിന്നും നെല്ല് സംഭാവനയായി വാങ്ങിയത്. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും നെൽകർഷകരെ സമീപിച്ച് ഒരേക്കറിന് മൂന്ന് പറ നെല്ലോ അതല്ലെങ്കിൽ അതിന് തുല്യമായ 600 രൂപയോ എന്ന ക്രമത്തിലായിരുന്നു പിരിവ്. എന്നാൽ എത്ര പണം പിരിച്ചെന്നോ എത്ര നെല്ല് സംഭരിച്ചെന്നോ എംഎൽഎ വെളിപ്പെടുത്തിയില്ലെന്നാണ് കോൺഗ്രസിന്‍റെ പരാതി. കൂടാതെ കർഷകർക്ക് ആർക്കും തന്നെ രസീതുകൾ നൽകിയില്ല. കൊവിഡ് കാലത്ത് ദുരിതത്തിലായ കർഷകരിൽ നിന്ന് പണം പിരിച്ചതും വിവാദത്തിനിടയാക്കി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് കളക്റ്ററേറ്റിന് മുന്നിൽ ധർണ നടത്തി

എംഎൽഎയ്ക്കും സിപിഎം നേതാക്കൾക്കുമൊപ്പം പണവും നെല്ലും പിരിക്കാൻ കൃഷി ഓഫീസർമാർ മുന്നിട്ടിറങ്ങിയെന്നും ആരോപണമുയർന്നു. അതേസമയം കാർഷിക വികസനത്തിനായി ആലത്തൂർ മണ്ഡലത്തിൽ നടപ്പാക്കിയ നിറ പദ്ധതിയിൽ അംഗങ്ങളായ കർഷകരിൽ നിന്നാണ് പണം പിരിച്ചതെന്ന് കെ ഡി പ്രസേനൻ എംഎൽഎ പറഞ്ഞു. ഇതിലൂടെ ലഭിച്ച 24 ലക്ഷം രൂപയിൽ 20 ലക്ഷം കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാറിനും 4 ലക്ഷം രൂപ കളക്റ്റർക്കും കൈമാറി. മറ്റ് ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യംവെച്ചാണെന്നും എംഎൽഎ പറഞ്ഞു. സംഭവത്തിൽ കർഷക കോൺഗ്രസ് കൃഷി വകുപ്പ് ഡയറക്റ്റർക്കും ജില്ല കളക്റ്റർക്കും പരാതി നൽകി.