കോഴിക്കോട്: വേലി തന്നെ വിളവ് തിന്നുന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിലെ ബിവറേജസ് കോർപറേഷൻ. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്ന് ജീവനക്കാർ മോഷ്ടിച്ച് കടത്തിയതും സ്റ്റോക്കിൽ കാണാതായതും  33 കോടി രൂപയുടെ മദ്യമാണ്. മോഷണം പിടിക്കപ്പെട്ടാലാകട്ടെ കാര്യമായ നടപടികളുമില്ല. കേരളത്തിലെ ബിവറേജ്സ് ഔട്ട്ലറ്റുകളിൽ നടക്കുന്ന ക്രമക്കേടിന് വിവരാവകാശ രേഖകൾ തന്നെയാണ് തെളിവ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണം ആപ്പിലായ ബെവ്കോ തുടരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വിവരവകാശ നിയമപ്രകാരം നൽകിയ അപേക്ഷയുടെ മറുപടിയിലാണ് ബിവറേജ്സ് കോർപറേഷനിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. സംസ്ഥാന ഖജനാവിലേക്ക് ഏറ്റവുമധികം നികുതി സംഭാവന ചെയ്യുന്ന ബിവറേജസ് കോർപറേഷനിൽ നിന്ന് മോഷണം പോകുന്ന അഥവാ കാണാതാകുന്ന മദ്യത്തിന്‍റെ കണക്ക് വർഷം തോറും ഉയരുകയാണ്. 2010 ൽ രണ്ട് കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലറ്റുകളിൽ നിന്ന് കാണാതായതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഈ കണക്ക് ആറ് കോടിയായി ഉയർന്നു. എത്ര രൂപയുടെ മദ്യമാണോ നഷ്ടപ്പെട്ടത് അത് മാത്രം തിരിച്ചടച്ചാൽ ജീവനക്കാർക്ക് രക്ഷപ്പെടാമെന്നതാണ് ക്രമക്കേട് നടത്തുന്നവർ അവസരമാക്കി മാറ്റുന്നത്.

Also Read: ബെവ്കോ ഔട്ട്ലറ്റുകളില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ല; ബാറുക്കാരെ സഹായിക്കാന്‍ നീക്കമെന്ന് ആരോപണം

കോടികളുടെ ക്രമക്കേട് തുടരുമ്പോഴും ഇതുവരെ ക്രിമിനൽ നടപടി സ്വീകരിച്ചത് വെറും ആറ് സംഭവങ്ങളിൽ മാത്രമാണ്. ബാധ്യത വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും മദ്യത്തിന്‍റെ പണം ഈടാക്കുന്ന ബെവ്കോ പക്ഷേ മദ്യം വിറ്റില്ലെന്ന പേരിൽ നികുതി സർക്കാരിലേക്ക് അടക്കുന്നുമില്ല.  വിൽക്കാൻ സൂക്ഷിക്കുന്ന മദ്യത്തിന്‍റെ സ്റ്റോക്കിൽ വരുന്ന കുറവിനെ ബെവ്കോ ലയബിലിറ്റി എന്നാണ് വിളിക്കുന്നത്. വർഷം രണ്ട് തവണയാണ് സ്റ്റോക്ക് പരിശോധിച്ച് ലയബിലിറ്റി കണക്കാക്കുന്നത്. സ്റ്റോക്കിൽ കുറവ് കണ്ടെത്തിയാൽ എത്ര രൂപയുടെ മദ്യമാണോ കാണാതായത് അത്രയും രൂപ അവിടുത്തെ എല്ലാ ജീവനക്കാരും തുല്യമായി വീതിച്ച് ബെവ്കോയ്ക്ക് നൽകണം. കുറ്റം ചെയ്താലും ഇല്ലെങ്കിലും എത്ര രൂപയുടെ മദ്യമാണോ കാണാതായത് അത് മാത്രം തിരിച്ചടച്ചാൽ മതി.  

മദ്യത്തിന്‍റെ വലിയൊരു ശതമാനം സർക്കാരിലേക്ക് അടക്കേണ്ട നികുതിയാണ്. എന്നാൽ ഇത്തരത്തിൽ കുറവ് വരുന്ന മദ്യം വിറ്റതല്ല, കാണാതായതാണ് എന്ന ന്യായം പറഞ്ഞ് ബെവ്കോ തിരിച്ചുപിടിക്കുന്ന ഈ കോടികളിൽ നിന്ന് ഒരു രൂപ നികുതി പോലും സർക്കാരിലേക്ക് അടക്കുന്നുമില്ല. പത്ത് വർഷത്തിനിടെ മദ്യം കാണാതായതിനെത്തുടർന്ന് ജീവനക്കാരിൽ നിന്ന് തിരിച്ചുപിടിച്ച 33 കോടി രൂപ എങ്ങനെ ബെവ്കോ ചെലവഴിച്ചു എന്ന ചോദ്യത്തിന് ബെവ്കോയ്ക്ക് മറുപടിയുമില്ല. പലപ്പോഴും ആരാണ് മദ്യം കടത്തിക്കൊണ്ടുപോയതെന്നോ ആരാണ് യഥാർത്ഥ ഉത്തരവാദി എന്ന് അന്വേഷിക്കുന്നുപോലുമില്ല. 

ആരെങ്കിലും ചെയ്ത കുറ്റത്തിന്‍റെ കൂട്ടുത്തരവാദിത്തം ഏൽക്കേണ്ട ഗതികേടിലാണ് ബെവ്കോയിൽ സത്യസന്ധമായി ജോലി ചെയ്യുന്ന ജീവനക്കാർ. കോടികളുടെ മദ്യം കാണാതാകുമ്പോഴും അതിൻറെ യഥാർത്ഥ ഉത്തരവാദിയെ കണ്ടെത്താനുള്ള സംവിധാനം ബെവ്കോയ്ക്കില്ല. മദ്യത്തിന്‍റെ പണം മാത്രം തിരിച്ചുപിടിക്കുന്നതിനാൽ മദ്യം കാണാതാകുന്നത് ഓരോ കൊല്ലവും കൂടുകയാണ്.