ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് വിദ്യാർഥി അലിഫ് മുഹമ്മദ് കൂട്ടുകാരികളായ ആര്യയുടെയും അർച്ചനയുടെയും സഹായത്തോടെ ക്ലാസ് മുറിയിലേക്ക് പോകുന്ന വീഡിയോ മണിക്കൂറുകൾക്കിടയിലാണ് നവമാധ്യമങ്ങളിൽ തരംഗമായത്.

സുഹൃത്തുക്കളുടെ ചുമലിൽ സഞ്ചരിച്ച അലിഫ് മുഹമ്മദിന് ഇനി സ്വന്തമായി മുച്ചക്രവാഹനം. കരുനാ​ഗപ്പള്ളി എംഎൽഎ സി ആർ മഹേഷാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്താണ് അലിഫിന് മുച്ചക്ര വാഹനം നൽകിയത്. അധിക ചക്രങ്ങള്‍ സ്ഥാപിച്ച് പത്തു ദിവസത്തിനകം അവന് കൈമാറുമെന്ന് ഹോണ്ട ഷോറൂം അധികൃതര്‍ അറിയിച്ചു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് വിദ്യാർഥി അലിഫ് മുഹമ്മദ് കൂട്ടുകാരികളായ ആര്യയുടെയും അർച്ചനയുടെയും സഹായത്തോടെ ക്ലാസ് മുറിയിലേക്ക് പോകുന്ന വീഡിയോ മണിക്കൂറുകൾക്കിടയിലാണ് നവമാധ്യമങ്ങളിൽ തരംഗമായത്.

ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫിന്റെ എല്ലാമെല്ലാം കൂട്ടുകാരാണ്. കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശി ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫിന് ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ല. ആത്മവിശ്വാസം കൊണ്ടും പിന്നെ കൂടപ്പിറപ്പുകളോളം പ്രിയപ്പെട്ട കൂട്ടുകാരുടെ പിന്തുണ കൊണ്ടും വെല്ലുവിളികളെ മറികടക്കുന്നിടത്താണ് ഈ അവസാന വർഷ ബിരുദ വിദ്യാർഥി വ്യത്യസ്തനാകുന്നത്.

സിആർ മ​ഹേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സ്‌നേഹ ചുമലില്‍ സഞ്ചരിച്ച അലിഫ് മുഹമ്മദ് ഇനി അവന്റെ സ്വപ്ന വാഹനത്തില്‍ ഇഷ്ടത്തോടെ സഞ്ചരിക്കട്ടെ... 
അതെ അവന് മുച്ചക്ര വാഹനവുമായി ആര്യാടന്‍ ഷൗക്കത്ത് എത്തി. ഇന്നലെകളില്‍ സന്തോഷത്തോടെ ചുമലില്‍ ഏറ്റിയ ആ ചിത്രം പുറം ലോകത്ത് എത്തിച്ച സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ആ ഇഷ്ടം നിറവേറ്റി. വാഹനം അധിക ചക്രങ്ങള്‍ സ്ഥാപിച്ച് പത്തു ദിവസത്തിനകം അവന് കൈമാറുമെന്ന് ഹോണ്ട ഷോറൂം അധികൃതര്‍ അറിയിച്ചു. നിര്‍മ്മിതി അല്ലാത്ത നിമിത്തമാണ് പലപ്പോഴും ജീവിതത്തിനു നിറം നല്‍കുന്നത് ആ നല്ല മനസ്സുകളുടെ സ്വപ്നങ്ങള്‍ക്ക് ദൈവം നിറം നല്‍കട്ടെ.....