കോഴിക്കോട്: സ്പീഡ് റെയിലിന്റെ വടക്കൻ കേരളത്തിലെ അലൈൻമെന്‍റ് വീണ്ടും മാറ്റി. പുതുച്ചേരി സർക്കാരിന്‍റെ എതിർപ്പിനെ തുടർന്ന് മാഹിയുടെ ഭാഗമായ പ്രദേശത്ത് കൂടി റെയിൽ കടന്ന് പോകുന്നത് ഒഴിവാക്കി പുതിയ അലൈൻമെന്‍റിന് സർക്കാർ നിർദ്ദേശം നൽകി. കൊയിലാണ്ടി മുതൽ കണ്ണൂർ വരെ നേരത്തെ നിർദ്ദേശിച്ച രണ്ട് ബൈപ്പാസ് റൂട്ടുകൾ ഉപേക്ഷിക്കാനും തീരുമാനമായി. പുതിയ അലൈൻമെന്റിനുള്ള സർവ്വേ ഉടൻ തുടങ്ങും.

സ്പീഡ് റെയിൽ ട്രാക്ക് മയ്യഴിയെ രണ്ടായി വിഭജിക്കുമെന്ന പരാതിയെത്തുടന്നാണ് കേരളസർക്കാരിന്റെ സിൽവർലൈൻ പദ്ധതി പുതുച്ചേരിയിലൂടെ കടന്ന് പോകുന്നത് ഒഴിവാക്കിയത്. പുതുച്ചേരി മുഖ്യമന്ത്രിയാണ് പ്രതിഷേധം പിണറായി വിജയനെ അറിയിച്ചത്. ഇതോടെ ന്യൂമാഹി പ്രദേശത്ത് കൂടെ കടന്ന് പോകുന്ന ബൈപാസ് അലൈൻമെന്റ് മാറ്റി പുതിയ അലൈൻമെന്റ് തയ്യാറാക്കി.

ഇതിന് പുറമെ  കൊയിലാണ്ടി മുതൽ കണ്ണൂർ വരെയുള്ള പ്രദേശത്ത് നിർദ്ദേശിച്ചിരുന്ന  പയ്യോളിയിലെ ബൈപാസും മാറ്റും. പകരം നിലവിലുള്ള റെയിലിന് സമാന്തരമായി 10 മീറ്റർ മുതൽ 250 മീറ്റർ വരെ മാറിയുള്ള പുതിയ അലൈൻമെറ്റ് തയ്യാറാക്കി. ഉപഗ്രഹ ചിത്രമാധാരമാക്കിയാണ്അ ലൈൻമെന്റ്. സൈറ്റ് സർവ്വേ ഉടൻ തുടങ്ങാനാണ് തിരുമാനം. അലൈൻമെന്റുകൾ അടിക്കടി മാറ്റുന്നതും രാഷ്ട്രീയ ഇടപെടലും പ്രദേശത്ത് കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. സർവ്വേയും അടയാളപ്പെടുത്തലും നടന്ന പലയിടത്തും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ട്. 68000 കോടി രൂപ ചെലവുള്ള പദ്ധതിയുടെ ഡിപിആറിന് കഴിഞ്ഞ മാസമാണ് അംഗീകാരം ലഭിച്ചത്. പുതിയ അലൈൻമെന്റ് രൂപരേഖ മന്ത്രിസഭയുടെ അംഗീകാരം കിട്ടിയ ശേഷമേ പുറത്തുവിടൂ എന്നാണ് കെ റെയിൽ അധികൃതരുടെ നിലപാട്.