തിരുവനന്തപുരം: വന്ദേഭാരത് മിഷനിലൂടെ കേരളത്തിലേക്ക് നാളെ മുതല്‍ പ്രവാസികള്‍ തിരികെയെത്തും. ഗൾഫിൽ നിന്നുള്ളവരാണ് കേരളത്തിലേക്ക് ആദ്യം വരുന്നത്.  179  പേരാണ് നാളെ നെടുമ്പാശ്ശേരിയിൽ എത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ തൃശൂര്‍ ജില്ലയില്‍ നിന്നാണ്. 73 പേരാണ് നാളെ മടങ്ങിയെത്തുന്ന തൃശൂര്‍ ജില്ലക്കാര്‍. ഏഴ് ദിവസമാണ് ഇവര്‍ക്ക് ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തുക.

ഏഴ് ദിവസത്തിന് ശേഷമുള്ള പരിശോധനയിക്ക് ശേഷമാണ് ഇവരുടെ വീടുകളിലേക്കുള്ള മടക്കം തീരുമാനിക്കുക. പ്രവാസികളുടെ ചെറിയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വീടുകളിലായിരിക്കും ക്വാറന്‍റൈനില്‍ തുടരേണ്ടത്. സംസ്ഥാനത്ത് മടങ്ങിയെത്തുന്ന പ്രവാസികളിൽ നിരീക്ഷണത്തിൽ കഴിയാൻ  ഹോട്ടൽ സൗകര്യം വേണ്ടവർക്ക് പണം ഈടാക്കി അത് നൽകും.

മറ്റുള്ളവർക്കായി സർക്കാർ സൗജന്യമായി ഒരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. വീടുകളും ഹോസ്റ്റലുകളും ഉള്‍പ്പെടെ 4000 മുറികളാണ് എറണാകുളത്ത് നിരീക്ഷണ കേന്ദ്രങ്ങളായി സജ്ജീകരിച്ചിരിക്കുന്നത്.  കോഴിക്കോട് ജില്ലയില്‍ നാല്‍പ്പതിനായിരം പേര്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. വിമാനത്താവളങ്ങളിൽ നിന്ന് പ്രവാസികളെ നിരീക്ഷണ കേന്ദ്രങ്ങളിലേക് എത്തിക്കാനുള്ള വാഹനങ്ങളും തയ്യാറായിക്കഴിഞ്ഞു.

തിരുവനന്തപുരത്ത് 11217 പേർക്ക് സർക്കാർ ചെലവിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും 6471 പേർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.  പ്രവാസികളുടെ മടക്കത്തിന് നാളെ നിശ്ചയിച്ചിരുന്നത് പത്ത് വിമാനങ്ങളാണ്. ദുബായിലേക്ക് ഇന്നലെ തിരിച്ചത് നാവികസേനയുടെ രണ്ട് കപ്പലുകളാണ്. മുന്നൂറ് പേരെ വീതം ഉൾക്കൊള്ളാനാവുന്ന കപ്പലുകളാണ് അയച്ചത്.