29 എസ്എഫ്ഐ പ്രവർത്തകരാണ് ഇതുവരെ റിമാൻഡിലായത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിതാ പ്രവർത്തകരെയടക്കം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകരെല്ലാം ഇതിനോടകം അറസ്റ്റിലായതായി അന്വേഷണ സംഘം. 29 എസ്എഫ്ഐ പ്രവർത്തകരാണ് ഇതുവരെ റിമാൻഡിലായത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിതാ പ്രവർത്തകരെയടക്കം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഓഫീസിൽ അതിക്രമിച്ച് കയറിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം പൊലീസുമായുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പേർസണൽ സ്റ്റാഫായിരുന്ന അവിഷിത്ത് കെ ആറും ഈ മൂന്നൂറ് പേരിൽ ഉൾപ്പെടും. ഇവരുടെ അറസ്റ്റ് വൈകുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താൻ നാളെ എഡിജിപി മനോജ് എബ്രഹാം വയനാട്ടിലെത്തും.
പെട്ടിക്കട കൊള്ളയടിക്കുന്നത് എന്തിനാണ്? രാഹുലിൻ്റെ ഓഫീസിനെതിരായ ആക്രമണത്തിൽ കെ.സുരേന്ദ്രൻ
ഇതിനിടെ കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ പൊലീസ് പ്രതി ചേർക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എം പി ഓഫിസ് ആക്രമണത്തെ കുറിച്ച് എസ് എഫ് ഐ സംസ്ഥാന നേതൃത്വം അന്വേഷിക്കും. സമരത്തിൽ നുഴഞ്ഞു കയറ്റം ഉണ്ടായോ എന്നും അന്വേഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അക്രമ സംഭവം അപലപനീയമാണ്. ഒരു കാരണവശാലം നടക്കരുതായിരുന്നു. എന്ത് പ്രകോപനം ഉണ്ടായാലും ഇത്തരത്തിലൊരു പ്രതിഷേധം പാടില്ലായിരുന്നു. ഇത്തരം സമരങ്ങൾ ജനങ്ങളിൽ നിന്ന് അകലാനേ ഉപകരിക്കുകയുള്ളൂ. ഇതെല്ലാം യുഡിഎഫിന് അനുകൂലമായി മാറുകയാണ്. വയനാട്ടിലെ ബഫർസോൺ പ്രതിഷേധം പതിവാണ്. അത് ഇങ്ങനെ ആകുമെന്ന് കരുതിയില്ല, സാധാരണ സമര രീതിയില്ല കഴിഞ്ഞ ദിവസം കണ്ടത്. സംഭവത്തെ കുറിച്ച് വിശദമായി പരിശോധിക്കാൻ വയനാട് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എസ്എഫ്ഐയുടെ വനിത പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നടപടിയുണ്ടാകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ആവശ്യപ്പെട്ടു. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിന്‍റെ ഗൺമാൻ പൊലീസിനെ മർദ്ദിക്കുന്ന സാഹചര്യമുണ്ടായെന്നും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
