സംസ്ഥാന വ്യാപകമായി ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റി ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍ വുമണ്‍(സാഫ് )ഏജൻസിയുടെ നേതൃത്വത്തിൽ 400 ഗ്രൂപ്പുകൾ രൂപീകരിക്കും
കൊച്ചി: സംസ്ഥാനത്തിന്റെ തീരദേശ മേഖല നേരിടുന്ന തീരശോഷണത്തിന് സർക്കാർ ശാശ്വത പരിഹാരം കാണുമെന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്‍റെ ഉറപ്പ്. തീരദേശ മേഖലയില്‍ മത്സ്യ വില്‍പനയും അനുബന്ധ തൊഴിലുകളും ചെയ്യുന്ന മത്സ്യ തൊഴിലാളി വനിതകള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും റിവോള്‍വിങ് ഫണ്ട് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെല്ലാനത്ത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കൊണ്ട് തീര സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മറ്റു തീരങ്ങളിലേക്കും ഉടനടി അതുവ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യാപകമായി ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റി ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍ വുമണ്‍(സാഫ് )ഏജൻസിയുടെ നേതൃത്വത്തിൽ 400 ഗ്രൂപ്പുകൾ രൂപീകരിക്കും. അഞ്ചു വനിതകളെ ഉള്‍പ്പെടുത്തി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തന ഫണ്ടായി 50000 രൂപ വീതം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ ആരംഭിച്ചിട്ടുള്ളത്. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കുള്ള റെവോൾവിങ് ഫണ്ടിന്റെ വിതരണവും മന്ത്രി നിർവഹിച്ചു.
കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ടി. ജെ വിനോദ് എം.എൽ.എ.,കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. രാജൻ, ഫിഷറീസ് വകുപ്പ് ജോ.ഡയറക്ടര്‍ എം.എസ് സാജു, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നൗഷര്‍ഖാൻ, മത്സ്യഫെഡ് ജില്ല മാനേജര്‍ ടി.ഡി സുധ തുടങ്ങിയവർ പങ്കെടുത്തു.
പൊതുമേഖലയുടെ കുതിപ്പിൽ റെക്കോർഡുകളുടെ വർഷം; ദശാബ്ദത്തിലെ മുന്നേറ്റവുമായി 11 കമ്പനികൾ
അതേസമയം കെ എം എം എൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തന ലാഭം നേടിയതിന്‍റെ സന്തോഷം പങ്കുവച്ചും വ്യവസായ മന്ത്രി രംഗത്തെത്തി. ഈ വർഷം കെ എം എം എൽ 1058 കോടി രൂപയുടെ വിറ്റുവരവും 332.2 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടിയെന്ന് മന്ത്രി വിവരിച്ചു. സംസ്ഥാന ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന പ്രവർത്തന ലാഭം നേടിയ പൊതുമേഖലാ വ്യവസായ സ്ഥാപനമെന്ന നേട്ടവും കെ എം എം എൽ കൈവരിച്ചെന്നും രാജീവ് വിവരിച്ചു. അഞ്ച് കമ്പനികൾ ഇത്തവണ വിറ്റുവരവിന്‍റെ കാര്യത്തിലും പ്രവർത്തന ലാഭത്തിന്‍റെ കാര്യത്തിലും റെക്കോഡ് പ്രകടനം കാഴ്ച വച്ചു. 11 കമ്പനികൾ 10 വർഷക്കാലയളവിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്ച വെച്ചിരിക്കുന്നു. നഷ്ടത്തിലുള്ള സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനും നിലവിൽ ലാഭത്തിലായ സ്ഥാപനങ്ങളുടെ ലാഭം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകും. കമ്പനികളുടെ ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ടുകൊണ്ട് 41 സ്ഥാപനങ്ങളുടെയും മാസ്റ്റർ പ്ലാൻ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. 41 പൊതുമേഖലാ സ്ഥാപനങ്ങളിലായി 405 പദ്ധതികളാണ് മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കൃത്യമായ ദിശാബോധത്തോടെ മുന്നോട്ടുനീങ്ങി വ്യവസായ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ലാഭകരമാക്കുക എന്നതാണ് ഇനി ലക്ഷ്യമിടുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
