കൊച്ചി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ ജീവനക്കാരായ മുഹമ്മദ് അഷ്റഫ്, പി.ഇ. ജോസഫ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്

നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നി‍മ്മിക്കാൻ അനുമതി നൽകിയ ഫയലുകൾ പഞ്ചായത്ത് രേഖകളിൽ നിന്ന് കാണാതായ സംഭവത്തിൽ പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിൽ വിട്ടത്. 

Read Also: മരട് ഫ്ലാറ്റ് കേസ്; ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ ഉള്‍പ്പടെ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

അതേസമയം, മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി കെട്ടിടത്തിന്റെ ബലം പരിശോധിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ആൽഫ സെറീൻ ഫ്ലാറ്റിന്റെ ഒരു നിലയിലാണ് പണികൾ തുടങ്ങിയത്. സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളുടെ ബലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പൊളിക്കാൻ കരാർ ലഭിച്ച കമ്പനികൾ പരിശോധനക്കുള്ള നടപടികൾ തുടങ്ങിയത്. കഴിഞ്ഞ ദിവസം ഈ പണികൾ തുടങ്ങിയിരുന്നെങ്കിലും നഗരസഭയുടെ നിർദ്ദേശത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്നു. 

Read More: മരട് ഫ്ലാറ്റ് പൊളിക്കാന്‍ സ്ഫോടക വസ്തുക്കള്‍ എത്ര? കെട്ടിടത്തിന്‍റെ ബലം പരിശോധിക്കുന്നു

വിജയ സ്റ്റീലിന്റെ ഇരുപത്തിയഞ്ചോളം തൊഴിലാളികളാണ് ആൽഫ സെറീൻ ഫ്ലാററിൽ പണികൾ നടത്തുന്നത്. പരിശോധനക്കായി കെട്ടിടത്തിലെ ചില ജനലുകളും വാതിലുകളും ഭിത്തിയും നീക്കം ചെയ്യുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിട സമുച്ഛയം പൊളിക്കുന്നതിന് എത്ര അളവിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനാണ് പരിശോധന.