കാസര്‍കോട്: കൊങ്കൺ പാതയിൽ നാള വൈകുന്നേരത്തോടെ പൂർണതോതിൽ ട്രെയിൻ ഗതാഗതം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവെ. മണ്ണിടിഞ്ഞ് വീണ് തകരാറിലായി മംഗളൂരു കുലശേഖരയിൽ 400 മീറ്റർ സമാന്തരപാത നിർമ്മിച്ചു. പാത ബലപ്പെടുത്തൽ ജോലികൾ കൂടെ പൂർത്തിയായതിന് ശേഷം നാളെ വൈകുന്നേരത്തോടെ തുറന്ന് കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റയിൽവേ. 

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നാളെ എറണാകുളത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നും റെയിൽവെ അറിയിച്ചു. രാവിലെ 10.50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രയിൻ വൈകുന്നേരം എഴുമണിക്ക് മംഗളൂരുവിൽ എത്തിച്ചേരും. നാളത്തെ കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് എക്സ്പ്രസ് പതിവുപോലെ സർവീസ് നടത്തും. നാളെ സർവീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂൺ, കൊച്ചുവേളി ഇൻഡോർ, തിരുവനന്തപുരം നിസാമുദ്ധീൻ രാജധാനി, എറണാകുളം പൂനെ, എറണാകുളം നിസാമുദ്ധീൻ, മംഗള എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കി.