Asianet News MalayalamAsianet News Malayalam

പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമം; മന്ത്രി എ കെ ശശീന്ദ്രനെതിരെ ആക്ഷേപം, ഓഡിയോ പുറത്ത്

പാർട്ടിയിലെ തർക്കങ്ങളെ തുടർന്നുള്ള വ്യാജ പരാതിയാണ് ഇതെന്നും പാർട്ടിയിലെ പ്രശ്നം   എന്ന നിലയിൽ മാത്രമാണ് മന്ത്രി ഇടപെട്ടതെന്നും എൻസിപി നേതാക്കൾ പറയുന്നു.

Allegation against minister a k saseendran audio out
Author
Thiruvananthapuram, First Published Jul 20, 2021, 12:27 PM IST

തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചതായി ആക്ഷേപം. എൻസിപി നേതാവിനെതിരെ യുവതി നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചു എന്നാണ് ആരോപണം. പരാതിക്കാരിയുടെ പിതാവായ എൻസിപി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നു. പാർട്ടിയിലെ തർക്കങ്ങളെ തുടർന്നുള്ള വ്യാജ പരാതിയാണ് ഇതെന്നും പാർട്ടിയിലെ പ്രശ്നം എന്ന നിലയിൽ മാത്രമാണ് മന്ത്രി ഇടപെട്ടതെന്നും എൻസിപി നേതാക്കൾ പറയുന്നു. സംഭവം വിവാദമായത്തോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. വിഷയം മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

വീണ്ടും ഫോൺ സംഭാഷണത്തിൽ എ കെ ശശീന്ദ്രൻ കുടുങ്ങുമ്പോൾ മന്ത്രി മാത്രമല്ല സർക്കാറും വെട്ടിലായി. രണ്ടാം പിണറായി സർക്കാർ രണ്ട് മാസം പിന്നിടുമ്പോഴാണ് പീഡന പരാതി തീ‍ർപ്പാക്കാൻ മന്ത്രി ഇടപെട്ടെന്ന ശബ്ദരേഖ പുറത്തുവരുന്നത്.  സ്ത്രീ സുരക്ഷ വലിയ ചർച്ചയാകുകയും സ്ത്രീകളിൽ നിന്നും പരാതി വീട്ടിലെത്തി സ്വീകരിക്കാൻ പുതിയ പദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പീഡന പരാതി നല്ല നിലയിൽ തീ‍ർക്കണമെന്ന മന്ത്രി എ കെ ശശീന്ദ്രന്‍റെ ഫോൺ സംഭാഷണം പുറത്താക്കുന്നത്.

പാർട്ടിയിലെ ആഭ്യന്തര പ്രശ്നം തീർക്കാനുള്ള ഇടപെടൽ എന്നാണ് മന്ത്രിയുടെ പ്രതിരോധം. പരാതിക്കാരിയുടെ അച്ഛൻ തന്‍റെ പാർട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാർട്ടിയിലെ പ്രശ്നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞത്. അതിന്റെ മറ്റ് കാര്യങ്ങൾ അറിയില്ല. ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നതിനാണ് പ്രയാസം ഇല്ലാത്ത രീതിയില്‍ പ്രശ്നം അവസാനിപ്പിക്കണമെന്ന് പറഞ്ഞതെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ആ സംസാരത്തോടെ ആ വിഷയം വിട്ടെന്നും മന്ത്രി പറയുന്നു. വിഷയം യുഡിഎഫിന് അന്വേഷിക്കാം, വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പൊലീസ് കേസെടുക്കാൻ പോലും തയ്യാറാകുന്നില്ലെന്ന പരാതി ഉയർന്ന സംഭവത്തിലാണ് തീർപ്പാക്കാനുള്ള മന്ത്രിയുടെ ഇടപെടൽ എന്നത് സ്ഥിതി ഗുരുതരമാക്കുന്നു. നിയമസഭാ സമ്മേളനം മറ്റന്നാൾ തുടങ്ങാനിരിക്കെ പ്രതിപക്ഷം പ്രശ്നം ഏറ്റെടുത്ത് കഴിഞ്ഞും.

എൻസിപി ആദ്യം നിലപാടെടുക്കട്ടെയാണ് എന്നാണ് സിപിഎം സമീപനം. സ്ത്രീപീഡന പരാതി തീ‍ർപ്പാക്കാൻ ഇഠപെട്ടുവെന്നാണ് ആക്ഷേപം എന്നതിന്‍റെ ഗൗരവം സിപിഎമ്മിനുണ്ട്. നേരത്തെ 2017ൽ ഫോൺ വിവാദം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയാണ് ശശീന്ദ്രനോട് രാജിയാവശ്യപ്പെട്ടത്. ജുഡീഷ്യൽ അന്വേഷണത്തിൽ ലഭിച്ച് ക്ലീൻ് ചിറ്റ് പരാതിക്കാരിയുടെ പിന്മാറ്റവുമായിരുന്നു പത്ത് മാസത്തിന് ശേഷം ശശീന്ദ്രൻ വീണ്ടും അന്ന മന്ത്രി സഭയിൽ തിരിച്ചെത്താൻ കാരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios