Asianet News MalayalamAsianet News Malayalam

ഡോക്ടർ നിയമനത്തിന് കൈക്കൂലി; ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണം, പരാതി നൽകി മലപ്പുറം സ്വദേശി

മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. 

Allegation of bribery against the health ministers staff sts
Author
First Published Sep 27, 2023, 12:35 PM IST

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. ഡോക്ടർ നിയമനത്തിനായി പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്ന്  പരാതിക്കാരനായ ഹരിദാസൻ വ്യക്തമാക്കി. 5 ലക്ഷം രൂപ ​ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഇയാൾ ആരോപിക്കുന്നു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവെന്നും ഹരിദാസൻ പറഞ്ഞു. സിഐറ്റിയു മുൻ ഓഫീസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും ഹരിദാസൻ കൂട്ടിച്ചേർത്തു. 

'അപേക്ഷ ക്ഷണിച്ചിരുന്നു. സ്വാഭാവികമായിട്ടും ഞങ്ങള്‍ അപേക്ഷ കൊടുത്തു. അതിന് ശേഷം മാര്‍ച്ച് 10ാം തീയതി പത്തനംതിട്ട സിഐടിയു ഓഫീസിലെ സെക്രട്ടറി അഖില്‍ സജീവ് എന്നയാള്‍ എന്നെത്തിരഞ്ഞ് വന്നു. അപേക്ഷ കൊടുത്തിരുന്നോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു  അപേക്ഷ കൊടുത്തിരുന്നു. അപേക്ഷ കൊടുത്തിട്ട് കാര്യമില്ല. അപ്പോയ്ന്‍റ്മെന്‍റ് ചെയ്യുന്നത് ഞങ്ങളുടെ ആള്‍ക്കാരാണ്. അപ്പോയ്ന്‍റ് ചെയ്യണമെങ്കില്‍ കുറച്ച് കാശ് വേണ്ടിവരും. മാത്രമല്ല , പെര്‍മനനന്‍റ് ആയിട്ട് അപ്പോയ്മ്ന്‍റ് വാങ്ങിച്ചു തരും. മൂന്ന് വര്‍ഷം വരെ ടെംപററി ആയിട്ട് അപ്പോയ്മെന്‍റ് തരും. മൂന്ന് വര്‍ഷം കഴിയുംപോ സ്ഥിരമായി പോസ്റ്റിംഗ് നടത്തി തരും. മൊത്തം 15 ലക്ഷം വേണം. അതിലേക്ക് 5 ലക്ഷം രൂപ നിങ്ങള്‍ ഗഡുക്കളായി 3 വര്‍ഷം കൊണ്ട് തരണം. പോസ്റ്റിംഗ് നടത്താന്‍ കഴിയുമെന്ന ധാരണയില്‍ ഞാനത് സമ്മതിച്ചു. മാര്‍ച്ച് 24ന് 25000 രൂപ ഞാന്‍ അഖില്‍ സജീവിന്‍റെ അക്കൌണ്ടില്‍ ഇട്ടുകൊടുത്തു. അതിന് ശേഷം ഏപ്രില്‍ മാസത്തില്‍ എന്നെ വിളിച്ചു പറഞ്ഞു, ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വരണം. അവിടെ അഖില്‍ മാത്യുവിനെ കാണണം. അഖില്‍ മാത്യു നിങ്ങളെ കാണും. ഏപ്രില്‍ 10 ന് പോയിട്ടും കണ്ടില്ല. ഏപ്രില്‍ 11 ന് രണ്ടര മണിക്ക് ഏതാനും സെക്കന്റുകള്‍ എന്‍റെ അടുത്ത് വന്ന് കാഷ് വാങ്ങിച്ച് പോകുകയും ചെയ്തു. ഞാന്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ ഇവിടെ അപ്പോയ്മെന്‍റ്  ഓര്‍ഡറും കിട്ടി. അതിന്‍റെ കോപ്പിയുണ്ട്. പിന്നീട് 50000 രൂപ അഖില്‍ സജീവ് വീണ്ടും വാങ്ങിക്കൊണ്ടുപോയി. സ്ഥിരമായി മെസേജ് അയക്കും, ഇന്ന് അപ്പോയ്ന്‍റ് ചെയ്യും, നാളെ അപ്പോയ്ന്‍റ് ചെയ്യും എന്ന്. ഇത് എല്ലാവരും അറിഞ്ഞ്, അപ്പോയ്മെന്‍റ് എന്താണ് നടക്കാത്തത് എന്ന് ചോദ്യം വന്നപ്പോള്‍ ഞാന്‍ പരാതി കൊടുത്തു. മിനിസ്റ്റര്‍ക്കും പരാതി കൊടുത്തു. അവരത് മൈന്‍റില്ലാതെ വെച്ചത് കൊണ്ടാണ് ഇപ്പോള്‍ ഇത് പുറത്തേക്ക് വന്നത്. ഹരിദാസന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അഖിൽ മാത്യു പണം കൈപ്പറ്റിയ ശേഷം ഓഫീസിലേക്ക് കയറിപ്പോയി, തെളിവുകൾ പൊലീസിന് നൽകി: ഹരിദാസൻ

ഡോക്ടർ നിയമനത്തിന് ആരോ​ഗ്യമന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios