കൈക്കൂലി ആരോപണം; അഖിൽ മാത്യു പണം വാങ്ങിയിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്
പരാതി അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെതിരെ ഉയർന്ന കൈക്കൂലി ആരോപണം നിഷേധിച്ച് മന്ത്രിയുടെ ഓഫീസ്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായ അഖിൽ മാത്യുവിനെതിരെയാണ് മലപ്പുറം സ്വദേശിയായ ഹരിദാസ് കൈക്കൂലി ആരോപണം ഉന്നയിച്ചത്. അഖിൽ മാത്യു പണം വാങ്ങിയിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മലപ്പുറം സ്വദേശിയെ അറിയില്ലെന്ന് അഖിൽ പറഞ്ഞതായും ഓഫീസ് വിശദീകരണം നൽകി. പരാതി അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.
ഡോക്ടർ നിയമനത്തിനായി പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് മലപ്പുറം സ്വദേശിയായ ഹരിദാസന്റെ പരാതി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിക്കാരനായ ഹരിദാസൻ വ്യക്തമാക്കിയിരുന്നു. 5 ലക്ഷം രൂപ ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഇയാൾ ആരോപിക്കുന്നു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവെന്നും ഹരിദാസൻ പറഞ്ഞു. സിഐറ്റിയു മുൻ ഓഫീസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും ഹരിദാസൻ കൂട്ടിച്ചേർത്തു.
അതേ സമയം സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സെപ്തംബർ 13 ന് പരാതി ലഭിച്ചുവെന്നും അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു. അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും വീണ ജോർജ് വസ്തുതകൾ നിരത്തി വ്യക്തമാക്കി. വിഷയത്തിൽ പരാതി പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇക്കാര്യം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സെപ്തംബർ 20 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതി അറിയിച്ചതെന്നും മന്ത്രി വിശദമാക്കി.
ഡോക്ടർ നിയമനത്തിന് കൈക്കൂലി; ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണം, പരാതി നൽകി മലപ്പുറം സ്വദേശി
അഖിൽ മാത്യു പണം വാങ്ങിയില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ്