മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെതിരായ അന്വേഷണം; ഉദ്യോഗസ്ഥയ്‍ക്കെതിരെ പ്രതികാര നടപടിയെന്ന് ആക്ഷേപം
പൊതുഭരണ വകുപ്പിലെ ആഭ്യന്തര പരിഹാര സെൽ അധ്യക്ഷ ഷൈനി ജോർജിനെ സെക്രട്ടറിയേറ്റിൽ നിന്ന് മാറ്റി. കമ്പ്യൂട്ടർ സെല്ലിലെ അഡീഷണൽ സെക്രട്ടറിയായിരുന്ന റോബർട്ടിനെതിരായ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥക്കെതിരായ നടപടി.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ കമ്പ്യൂട്ടർ സെൽ ഉദ്യോഗസ്ഥനെതിരായ വനിതാ ജീവനക്കാരുടെ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥക്കെതിരെ പ്രതികാര നടപടിയെന്ന് ആക്ഷേപം. പൊതുഭരണ വകുപ്പിലെ ആഭ്യന്തര പരിഹാര സെൽ അധ്യക്ഷ ഷൈനി ജോർജിനെ സെക്രട്ടറിയേറ്റിൽ നിന്ന് മാറ്റി. കമ്പ്യൂട്ടർ സെല്ലിലെ അഡീഷണൽ സെക്രട്ടറിയായിരുന്ന റോബർട്ട് ഫ്രാൻസിസിനെതിരായിരുന്നു ഷൈനി അന്വേഷണം നടത്തിയത്. റോബർട്ടിനെതിരായ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥക്കെതിരായ നടപടി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ കമ്പ്യൂട്ടർ സെല്ലിലെ റോബർട്ട് ഫ്രാൻസിസ് തൊഴിൽ സ്ഥലത്ത് വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നവെന്ന പരാതിയാണ് ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നിൽ വന്നത്. ഒരു കൂട്ടം ജീവനക്കാരെന്ന പേരിലെത്തിയ പരാതിയാണ് ചീഫ് സെക്രട്ടറി അന്വേഷണ സമിതിക്ക് കൈമാറിയത്. ഒരു പെണ്‍കുട്ടി തെളിവുകള്‍ സഹിതം റോബർട്ടിനെതിരെ മൊഴി നൽകി. ഈ മൊഴി ശരിയാണെന്ന് തെളിയിക്കുന്ന വിധം മറ്റ് ചില മൊഴിയും സമിതിക്ക് ലഭിച്ചു. ഇതേ തുടർന്ന് റോബർട്ടിനെ മൊഴിയെടുക്കാൻ സമിതി വിളിപ്പിച്ചു. എന്നാൽ റോബർട്ട് സമിതിയോട് തട്ടിക്കയറിയെന്നാണ് വിവരം ഇക്കാര്യം റിപ്പോർട്ടിലുണ്ടെന്നും സൂചനയുണ്ട്. ഔദ്യോഗിക ജോലികള്‍ കർശനമായി പാലിച്ചുവെന്നായിരുന്നു റോബർട്ടിന്‍റെ വിശദീകരണം.
വനിത ജീവനക്കാരി നൽകിയ മൊഴിക്ക് മറുപടി നൽകിയില്ല. റോബർട്ട് ജൂണിൽ വിരമിച്ചു. വിരമിച്ചാലും സർക്കാർ ചട്ടപ്രാകരം റോബർട്ടിനെതിരെ നടപടിവേണമെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. ചില ജീവനക്കാർ റോബർട്ടിന് അൻുകൂലമായും മൊഴി നൽകിയിരുന്നു. റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഇടത് സംഘടന നേതാവും ഫ്രാക്ഷൻ അംഗവുമായ ഷൈനിയെ സെക്രട്ടറിയേറ്റിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയത്. ബാലാവകാശ കമ്മീഷൻ സെക്രട്ടറായാണ് നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പമുള്ള റോബർട്ടിനെതിരായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പേ ചോർന്നാണ് നടപടിക്ക് കാരണം. ഉദ്യോഗസ്ഥയുടെ സ്ഥലമാറ്റത്തിനൊപ്പം വിരമിച്ച റോബർട്ട് ഫ്രാൻസിസിനെ കരാർ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ വീണ്ടും നിയമിക്കാനും നീക്കമുണ്ട്.