ആരുടെയും ശ്രദ്ധയിലേക്ക് എത്താതെ രഹസ്യമായി പ്രതിയെ കേരളത്തിലെത്തിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ പദ്ധതി. എന്നാൽ, വാഹനം കേടായി പെരുവഴിയിൽ കിടക്കേണ്ടി വന്നത് ഒരു മണിക്കൂറിലേറെ നേരമാണ്. പ്രതിയുടെ ഒപ്പമുള്ളത് മൂന്നു പൊലീസുകാർ മാത്രമാണ് എന്നതാണ് മറ്റൊരു കാര്യം.
കോഴിക്കോട്: രാജ്യത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലേക്കെത്തിച്ചത് ആവശ്യത്തിന് സുരക്ഷയൊരുക്കാതെയെന്ന് ആക്ഷേപം ഉയരുന്നു. ആരുടെയും ശ്രദ്ധയിലേക്ക് എത്താതെ രഹസ്യമായി പ്രതിയെ കേരളത്തിലെത്തിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ പദ്ധതി. എന്നാൽ, വാഹനം കേടായി പെരുവഴിയിൽ കിടക്കേണ്ടി വന്നത് ഒരു മണിക്കൂറിലേറെ നേരമാണ്. പ്രതിയുടെ ഒപ്പമുള്ളത് മൂന്നു പൊലീസുകാർ മാത്രമാണ് എന്നതാണ് മറ്റൊരു കാര്യം.
തലപ്പാടി അതിർത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറിൽ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി ഫോർട്ടുണർ കാറിൽ പ്രതിയെ മാറ്റി കയറ്റി കാസർഗോഡ് അതിർത്തി കടന്നു. കണ്ണൂരിൽ നിന്ന് ദേശീയ പാത ഒഴിവാക്കി കാർ പോയത് മമ്മാക്കുന്ന് ധർമ്മടം റൂട്ടിലാണ്. മമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടി അപകടത്തിൽ പെട്ടു. 45 മിനിറ്റിനു ശേഷം എടക്കാട് പോലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി. പിന്നാലെ കണ്ണൂർ എടിഎസിന്റെ ന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചു. എന്നാൽ ഈ വാഹനവും എഞ്ചിൻ തകരാർ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെ സ്വകാര്യ കാർ എത്തിച്ചു പ്രതിയെ മാറ്റി കയറ്റി കോഴിക്കോട്ടേക്ക് തിരിച്ചു.
കോഴിക്കോട്ടെത്തിച്ച് പ്രതിയെ പൊലീസ് ക്യാമ്പിൽ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെക്കുറിച്ച് ചർച്ച ചെയ്യാൻ പുലർച്ചെ പൊലീസ് ഉന്നത തല യോഗം ചേർന്നിരുന്നു. എഡിജിപി യുടെ അധ്യക്ഷതയിലാണ് പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നത്. ഐജി നീരജ് കുമാർ ഗുപ്ത, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ് പാൽ മീണ എന്നിവരും പങ്കെടുത്തു.

