Asianet News MalayalamAsianet News Malayalam

'പിരിച്ചതിന് കണക്കില്ല', പോരിട്ട് ട്രെഷററും ജനറല്‍ സെക്രട്ടറിയും; നാണക്കേടായി കെപിസിസിയുടെ 137 രൂപ ചലഞ്ച്

137-രൂപ ചലഞ്ചിലെ തിരമറി നടത്തിയ ഫണ്ട് വീതം വയ്ക്കുന്നതിനെ ചൊല്ലി ട്രഷററും ജനറല്‍ സെക്രട്ടറിയും  തമ്മില്‍ തെറ്റിയതെന്നാണ് നേതാക്കള്‍ക്കിടയിലെ പറച്ചില്‍. കെ പി സി സി പ്രസിഡൻ്റിന് പോലും ബന്ധപ്പെട്ടവർ കണക്ക് കൃത്യമായി കൈമാറിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

allegations against kpcc 137 rupees challenge fundraising
Author
Thiruvananthapuram, First Published Jul 6, 2022, 3:15 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസിന് നാണക്കേടും തലവേദനയുമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന 137 രൂപ ചലഞ്ച്. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ ചലഞ്ചില്‍ എത്ര ഫണ്ട് പരിച്ച് കിട്ടിയെന്നത് ആര്‍ക്കുമറിയില്ല. കെപിസിസി ട്രഷററുടെയും ഓഫീസ് സെക്രട്ടറിയുടേയും നേതൃത്വത്തില്‍ ആസൂത്രിത തിരിമറി നടന്നെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ആരോപണം.

അതിനിടെ പിരിഞ്ഞ് കിട്ടിയ ഫണ്ടിന്റെ കണക്കിനെ ചൊല്ലി ട്രഷററും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും തമ്മില്‍ ഇന്ദിരാഭവനില്‍ വാക്കേറ്റവും നടന്നു. എത്ര പണം വന്നുവെന്ന് കെപിസിസി അധ്യക്ഷനായ കെ. സുധാകരന് പോലും അറിയില്ല. സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ ചലഞ്ച് കെപിസിസിക്ക് പുതിയ തലവേദന ആയിരിക്കുകയാണ്.

പിരിവില്‍ പുതിയ ആശയം

കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് നൂതനമായ ഫണ്ട് പിരിവ് കെ.പി.സി.സി പ്രഖ്യാധിച്ചത്. ഡിസംബര്‍ 28-ന് തുടങ്ങി റിപ്പബ്ലിക് ദിനത്തില്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനം. 137 രൂപയോ അതിന്റെ ഗുണിതങ്ങളോ നല്‍കാനായിരുന്നു നിര്‍ദ്ദേശം. ബാങ്ക് അകൗണ്ടിന്റ ക്യൂആര്‍ കോഡും നല്‍കി. ഡിജിറ്റല്‍ പേയ്‌മെന്റ് തുടക്കത്തിലേ പാളി. മുതിര്‍ന്ന നേതാക്കളെല്ലാം പണം നല്‍കിയപ്പോള്‍ പദ്ധതി താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഡിജിറ്റല്‍ പേമെന്റ് വിചാരിച്ച വിജയം കണ്ടില്ല. ജനുവരി 26-ന് തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി ലക്ഷ്യം കാണാത്തതിനാല്‍ ദണ്ഡിയാത്രയുടെ വാര്‍ഷിക ദിനമായ മാര്‍ച്ച് 12-ലേക്കും പിന്നീട് എപ്രില്‍ 30 വരെയും ദീര്‍ഘിപ്പിച്ചു.

പ്രതീക്ഷിച്ചത് 50 കോടി, കിട്ടിയതിന് കണക്കില്ല

50 കോടി പിരിക്കാന്‍ ആണ് കെപിസിസി  ആലോചിച്ചത്. ഏകദേശം 19 കോടി വരെ ചലഞ്ചിലൂടെ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇതു വരെ കിട്ടിയത് എത്രയെന്ന കണക്ക് ആര്‍ക്കും അറിയില്ല. സാധാരണ ഫണ്ട് പിരിവ് കഴിഞ്ഞാല്‍ കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലും എക്‌സിക്യൂട്ടീവിലും കണക്കുകള്‍ അവതരിപ്പിക്കുകയാണ് പതിവ്. എന്നാല്‍ 137-രൂപ ചലഞ്ചിന്റെ കാര്യത്തില്‍ ഇതുവരെ അതുണ്ടായില്ല. ഇനി ചേരുന്ന ഭാരവാഹി യോഗത്തിലും എക്‌സിക്യൂട്ടീവ് യോഗത്തിലും ഈ വിഷയം ഉയര്‍ത്താന്‍ തയ്യാറെടുക്കുകയാണ് ഗ്രൂപ്പ് നേതാക്കള്‍.

allegations against kpcc 137 rupees challenge fundraising

ഫണ്ട് പിരിവില്‍ സംഭവിച്ചതെന്ത് ?

ഡിജിറ്റലായി പണം പിരിക്കാനായിരുന്നു ആദ്യ തീരുമാനം. ആദ്യം നല്‍കിയ ക്യുആര്‍ കോഡിന് സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി പുതിയത് നല്‍കി. ക്യൂആര്‍ കോഡ് ബന്ധിപ്പിക്കുന്നതിനായി പലബാങ്കുകളിലായി അഞ്ചോ ആറോ അക്കൗണ്ടുകളാണ് എടുത്തത്. ഇതിനു പുറമെ പേപ്പര്‍ കൂപ്പണും അച്ചടിച്ചു നല്‍കി.

ഒടുവിലെ തര്‍ക്കം, വാക്കേറ്റം

കെ.പി.സി.സി ട്രഷറര്‍ പ്രതാപചന്ദ്രനായിരുന്നു ഫണ്ട് പിരിവിന്റെ ചുമതല. ട്രഷററുടെ കെടുകാര്യസ്ഥതയും ഏകോപനക്കുറവും പദ്ധതിയെ പിന്നോട്ടടിച്ചുവെന്ന് തുടക്കം മുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡിജിറ്റലായി വന്ന പണമെല്ലാം കെ.പി.സി.സി അകൗണ്ടിലേക്കല്ല വന്നതെന്ന ആക്ഷേപമാണ് പുതുതായി ഉയരുന്നത്. വ്യക്തികള്‍ നേരിട്ടാണ് പണം അയയ്ക്കുന്നത് എന്നതിനാല്‍ വ്യക്തമായ കണക്ക് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ലഭിക്കില്ല.  

എന്തായാലും ഇന്ദിരാഭവനില്‍ ഇത് സംബന്ധിച്ച്  വലിയ വിഴുപ്പലക്കലുകള്‍ നടക്കുകയാണ്. ട്രഷററും ഒരു കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും തമ്മില്‍ ഏതാനും ആഴ്ച മുമ്പ് ഇതേചൊല്ലി വലിയ വാഗ്വാദമായി. ഓഫീസ് സെക്രട്ടറി ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയായിരുന്നു തര്‍ക്കം. ട്രഷററും കെ.പി.സി.സിയിലെ ഓഫീസ് സെക്രട്ടറിയും  ഫണ്ട് പിരിവ് തുടങ്ങി പൂര്‍ത്തിയാകും വരെ ഇരുമെയ്യും ഒറ്റ ശരീരവുമായിരുന്നു. 

എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ പരസ്യ ഏറ്റുമുട്ടലാണ്. 137-രൂപ ചലഞ്ചിലെ തിരമറി നടത്തിയ ഫണ്ട് വീതം വയ്ക്കുന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ തെറ്റിയതെന്നാണ് നേതാക്കള്‍ക്കിടയിലെ കരക്കമ്പി. എന്തായാലും ഏപ്രില്‍ 30ന് തീര്‍ന്ന ചലഞ്ചില്‍ എത്ര പണം കിട്ടിയെന്നത് മാത്രം രണ്ട് മാസം കഴിയുമ്പോഴും നിഗൂഢമായി തുടരുന്നു. കെ പി സി സി പ്രസിഡൻ്റിന് പോലും ബന്ധപ്പെട്ടവർ കണക്ക് കൃത്യമായി കൈമാറിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

Follow Us:
Download App:
  • android
  • ios