കോർപ്പറേഷൻ അധ്യക്ഷ സ്ഥാനവും സ്റ്റേറ്റ് കാറും കിട്ടിയാൽ എൽഡിഎഫിൽ ചേരുന്ന കാര്യം ആലോചിക്കാമെന്ന് ജോണി നെല്ലൂർ തന്നോട് പറഞ്ഞതായി ഹാഫിസ് ആരോപിക്കുന്നു. ശബ്ദരേഖ ഇങ്ങനെ... 

കോട്ടയം: യുഡിഎഫ് നേതാവും കേരളാ കോൺഗ്രസ് ജേോസഫ് വിഭാഗം ചെയർമാനുമായ ജോണി നെല്ലൂരിന്‍റേതെന്ന പേരിൽ ശബ്ദരേഖ പുറത്ത്. എൽഡിഎഫിൽ ചേരാൻ ജോണി നെല്ലൂർ വില പേശിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവ് ഹാഫിസാണ് ആരോപണം ഉന്നയിച്ചത്. കോർപ്പറേഷൻ അധ്യക്ഷ സ്ഥാനവും സ്റ്റേറ്റ് കാറും കിട്ടിയാൽ എൽഡിഎഫിൽ ചേരുന്ന കാര്യം ആലോചിക്കാമെന്ന് ജോണി നെല്ലൂർ തന്നോട് പറഞ്ഞതായി ഹാഫിസ് ആരോപിക്കുന്നു. ജോണി നെല്ലൂരിന്‍റേത് എന്ന് അവകാശപ്പെട്ട് ഹാഫിസ് പുറത്തുവിട്ട ശബ്ദരേഖയിൽ പറയുന്നത് ഇങ്ങനെ:

''ജോണി നെല്ലൂർ(?): അവര് മൂന്നാല് പോസ്റ്റാ എനിക്ക് ഓഫർ ചെയ്തേക്കുന്നേ..

ഹാഫിസ്: ആര് ബിജെപിക്കാരോ?

ജോണി നെല്ലൂർ(?): ഒന്ന് ന്യൂനപക്ഷകമ്മീഷൻ ചെയർമാൻ, അല്ലെങ്കിൽ കോഫി ബോർഡ് ചെയർമാൻ, അല്ലെങ്കിൽ സ്പൈസസ് ബോർഡ് ചെയർമാൻ, കേരവികസന കോർപ്പറേഷൻ ചെയർമാൻ - ഇത്രയും പോസ്റ്റുകളാ അവര് ഓഫർ ചെയ്തേക്കുന്നേ...

ഹാഫിസ്: ഷിപ്പ്‍യാർഡ് ഓഫർ ചെയ്തില്ലല്ലോ സാറേ? 

ജോണി നെല്ലൂർ(?): ഷിപ്പ്‍യാർഡ് ഒന്നുവില്ല, അതിനൊക്കെ വേറെ ആളുണ്ട്. 

ഹാഫിസ്: അത് നമ്മടെ കൂട്ടത്തിലുള്ള യുഡിഎഫിലെയോ എൽഡിഎഫിലെയോ ആളുകളൊന്നുവല്ലല്ലോ?

ജോണി നെല്ലൂർ(?): ആ, ഏതായാലും മാത്യു സ്റ്റീഫനൊക്കെ പോകും അതീക്കൂടെ. 

ഹാഫിസ്: അയ്യയ്യയ്യയ്യോ. അവരെയൊക്കെ ക്രോഡീകരിച്ചുകൊണ്ട് സാറിന് പുതിയൊരു സംവിധാനമുണ്ടാക്കിക്കൂടേ?

ജോണി നെല്ലൂർ(?): അതൊണ്ടാക്കീട്ട് ബിജെപിയിൽ പോകാനെനിക്ക് ഇഷ്ടവില്ലെന്ന്..

ഹാഫിസ്: ബിജെപീപ്പോകാനല്ല സാറേ പറഞ്ഞത്, ഇടതുപക്ഷത്തേക്ക്... 

ജോണി നെല്ലൂർ(?): അതില്ലാതെ നടക്കത്തില്ല. നീയൊരു കാര്യം ചെയ്യ്. നിനക്കിപ്പോഴുള്ള സ്വാധീനം വച്ച് ഈ കാര്യത്തിലൊരു തീരുമാനമെടുക്കാൻ പറ്റുവോ ന്ന് എന്നോട് പറ. നാളെയോ മറ്റന്നാളോ ഇങ്ങോട്ട് പറയ്. 

ഹാഫിസ്: ഓക്കേ സാറേ. 

ജോണി നെല്ലൂർ(?): എന്‍റെ മിനിമം ഡിമാൻഡ്, എന്തുകൊണ്ട് പോയി എന്ന് ചോദിച്ചാൽ മറുപടി പറയാനൊള്ള തരത്തി, ഒരു കോർപ്പറേഷൻ ചെയർമാൻ സ്ഥാനമെങ്കിലും വേണം, ഒരു സ്റ്റേറ്റ് കാർ വേണം'' 

എന്നാൽ ശബ്ദരേഖ പൂർണമായും വ്യാജമാണെന്നും, തനിക്ക് എൽഡിഎഫിലേക്ക് പോകാൻ ഒരു ഉദ്ദേശവുമില്ലെന്നും, യുഡിഎഫിൽ തന്നെ ഉറച്ച് നിൽക്കുന്നുവെന്നും ജോണി നെല്ലൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെറുതെങ്കിലും യുഡിഎഫിലെ ശക്തമായ ഒരു കക്ഷിയാണ് കേരളാ കോൺഗ്രസ് ജേോസഫ് വിഭാഗം. തന്‍റെ രാഷ്ട്രീയഭാവി ഇല്ലാതാക്കാനായി കെട്ടിച്ചമച്ച ശബ്ദരേഖയാണിതെന്നും ജോണി നെല്ലൂർ പറഞ്ഞു. ഇന്നലെ രാത്രി പത്തേമുക്കാലോടെ ജോണി നെല്ലൂരുമായി നടത്തിയ സംഭാഷണമാണെന്നും, ജോണി നെല്ലൂർ തന്നെ ഇങ്ങോട്ട് വിളിച്ചതാണെന്നുമാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവ് ഹാഫിസ് പറയുന്നത്. 

അതേസമയം, ജോണി നെല്ലൂർ പറഞ്ഞതിങ്ങനെ: ''എന്ത് ലക്ഷ്യം വച്ചുകൊണ്ടാണ് ഇങ്ങനെ ഒരു വാർത്ത സൃഷ്ടിക്കുന്നത്? ഞാൻ മൂന്ന് തവണ യുഡിഎഫ് എംഎൽഎയായ ആളാ. ഇപ്പോൾ ഞാൻ യുഡിഎഫിന്‍റെ സെക്രട്ടറിയാ. യുഡിഎഫിന്‍റെ വിജയത്തിനായി രാപകലില്ലാതെ പ്രവർത്തിക്കുന്നയാളാ. തൃക്കാക്കരയിൽപ്പോലും വിശ്രമമില്ലാതെ പ്രവർത്തിച്ചതാ. തൃക്കാക്കരയിൽ യുഡിഎഫിന്‍റെ വലിയ വിജയം കണ്ടപ്പോൾ വിറളി പൂണ്ട ഇടതുമുന്നണി അവരുടെ സൈബർ ഗുണ്ടകളെ വച്ച് എനിക്ക് എതിരെ നടത്തിയ ഒരു കുത്സിത ഗൂഢാലോചനയുടെ ഭാഗമാണിത്. ഹാഫിസ് എന്നയാളെ എനിക്കറിയില്ല. ശനിയാഴ്ച രാവിലെ മുതൽ ഞാൻ കോഴിക്കോടാണ്. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്‍റെ സംസ്ഥാനസമ്മേളനത്തിൽ പങ്കെടുക്കുകയാണ്. ബഹുമാനപ്പെട്ട മന്ത്രിമാരടക്കം ഇവിടെയുണ്ട്. എനിക്ക് കേരളരാഷ്ട്രീയത്തിലൊരു വിധം ആളുകളെ ഒക്കെ അറിയാം. നേരിട്ടുമറിയാം. ഇങ്ങനെ ഒരാളുടെ ശുപാർശയൊന്നും എനിക്ക് വേണ്ട. അത്ര ഗതികേടുണ്ട് എനിക്ക് എന്നാരെങ്കിലും കരുതുമോ? കേരളാ കോൺഗ്രസിന് അങ്ങനെ ഒരു നേതാവുണ്ടോ എന്നറിയില്ല എനിക്ക്. ഒരു ഹാഫിസ് എന്നയാളെ എനിക്കറിയാം. അയാള് തന്നെയാണോ ഇതെന്നും എനിക്കറിയില്ല. ഞാൻ നിയമനടപടികളിലേക്ക് പോവുകയാണ്, ഈ ശബ്ദരേഖ എന്‍റേതല്ല എന്ന് ശക്തമായി നിഷേധിക്കുകയും ചെയ്യുന്നു'', ജോണി നെല്ലൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു.