കോർപ്പറേഷൻ ഓഫീസിന്റെ പ്രധാന കവാടം ഉപരോധിച്ച് യുഡിഎഫ് കൗൺസിലർമാർ

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിൽ യുഡിഎഫ് കൗൺസിലർമാരുടെ ഉപരോധ സമരം. കുടിവെള്ളമായി വിതരണം ചെയ്യുന്നത് കലക്കവെള്ളമാണെന്നാണ് ആരോപിച്ചാണ് പ്രതിഷേധം. കോർപ്പറേഷൻ ഓഫീസിന്റെ പ്രധാന കവാടം ഉപരോധിച്ച കൗൺസിലർമാർ ആളുകൾ ഓഫീസിനകത്തേക്ക് കടക്കുന്നതും തടഞ്ഞു.

കോർപ്പറേഷൻ പരിധിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളം കലക്കവെള്ളമാണെന്ന് ആരോപിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു. നടപടി ആവശ്യപ്പെട്ട് മേയറുടെ ചേംബറിന് മുന്നിൽ റിലേ സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. എന്നാർ ചർച്ചകൾക്ക് ഭരണപക്ഷം തയ്യാറാകാതെ വന്നതോടെ സമരത്തിന്റെ രീതി മാറ്റി. ഇന്ന് രാവിലെ ഒമ്പതരയോടെ കോർപ്പറേഷൻ ഓഫീസിലേക്ക് പ്രകടനമായി എത്തിയ യുഡിഎഫ് കൗൺസിലർമാർ പ്രധാന കവാടം ഉപരോധിക്കുകയായിരുന്നു.